കര്‍ണാടകയില്‍ മെയ് 10 ന് വോട്ടെടുപ്പ്; തെരഞ്ഞെടുപ്പ് ഒറ്റഘട്ടം

കര്‍ണാടക നിയമസഭയിലെ 224 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് 
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താസമ്മേളനം/ എഎന്‍ഐ
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താസമ്മേളനം/ എഎന്‍ഐ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് മെയ് 10 ന് നടക്കും. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മെയ് 13 നാണ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 20 ആയിരിക്കും. സൂക്ഷ്മപരിശോധന ഏപ്രില്‍ 21 ന്. 24 വരെ പത്രിക പിന്‍വലിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

കര്‍ണാടകയില്‍ 5 കോടി 21 ലക്ഷം വോട്ടര്‍മാരാണുള്ളത്. 2.59 കോടി വനിതാ വോട്ടര്‍മാരാണ്. 9.17 ലക്ഷം കന്നിവോട്ടര്‍മാരാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ഏപ്രില്‍ ഒന്നിന് 18 വയസ്സ് തികയുന്നവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം ഒരുക്കും.  80 വയസ്സ് കഴിഞ്ഞവര്‍ക്കും, ശാരീരിക പരിമിതിയുള്ളവര്‍ക്കും വീട്ടിലിരുന്ന് വോട്ടു ചെയ്യാം. 

പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. 58,282 പോളിംഗ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. 1320 ബൂത്തുകളില്‍ എല്ലാ ജീവനക്കാരും വനിതകളായിരിക്കും. 29,141 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും. ഗോത്ര വര്‍ഗങ്ങളെ തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. 

കര്‍ണാടക നിയമസഭയില്‍ 224 സീറ്റുകളാണുള്ളത്. ദക്ഷിണേന്ത്യയില്‍ ബിജെപി അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് കര്‍ണാടക. സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് ഭരണകക്ഷിയായ ബിജെപി. കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവയാണ് ബിജെപിക്കെതിരായ പ്രധാന എതിരാളികള്‍. നിലവില്‍ ഭരണകക്ഷിയായ ബിജെപിക്ക് 119 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 75 ഉം, ജെഡിഎസിന് 28 എംഎല്‍എമാരുമാണുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com