മന്ത്രിസഭാ തീരുമാനം ലോകായുക്തയുടെ പരിധിയില്‍ വരുമോ? കാതലായ പ്രശ്‌നങ്ങളില്‍ ഭിന്നത; ദുരിതാശ്വാസ നിധി കേസ് ഫുള്‍ ബെഞ്ചിലേക്ക് 

കേസിലെ ആക്ഷേപങ്ങളുടെ നിജസ്ഥിതിയിലും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍


തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം പരിശോധിക്കാനുള്ള അധികാരം ലോകായുക്തയ്ക്കുണ്ടോയെന്നതില്‍ ഏകാഭിപ്രായത്തില്‍ എത്താനാവാത്തതിനെത്തുടര്‍ന്നാണ്, ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ലോകായുക്തയുടെ രണ്ടംഗ ബെഞ്ച് ഫുള്‍ ബെഞ്ചിനു വിട്ടത്. ഈ കേസിലെ ആക്ഷേപങ്ങളുടെ നിജസ്ഥിതിയിലും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചു.

മന്ത്രിസഭാ യോഗ തീരുമാനം ലോകായുക്തയുടെ പരിധിയില്‍ വരില്ലെന്ന വാദം ഈ കേസിന്റെ തുടക്കത്തില്‍ തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ഒടുവിലും അതേ ചോദ്യത്തില്‍ തന്നെ എത്തിനില്‍ക്കുന്നുവെന്നാണ് ദുരിതാശ്വാസ നിധി കേസിലെ പ്രത്യേകത. ജസ്റ്റിസ് ബാബു പി ജോസഫ് കൂടി ഉള്‍പ്പെടുന്ന ഫുള്‍ ബെഞ്ച് ഈ നിയമ പ്രശ്‌നത്തില്‍ ഉള്‍പ്പെടെ വിശദമായ വാദം കേട്ടാവും കേസില്‍ തീരുമാനമെടുക്കുക. 

രണ്ടംഗ ബെഞ്ചിന്റെ ഭിന്ന വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കേസിലെ പരാതിക്കാരനായ, കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാര്‍ പറഞ്ഞു. ലാവ്‌ലിന്‍ കേസ് പോലെ ഈ കേസും നീട്ടിക്കൊണ്ടുപോവാനാണ് ശ്രമമെന്ന് ശശികുമാര്‍ ആരോപിച്ചു. 

മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ദുരിതാശ്വാസ നിധി സ്വജനപക്ഷപാതത്തോടെ ചെലവഴിച്ചെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബങ്ങള്‍ക്കും കോടിയേരി ബാലകൃഷ്ണന്റെ അകമ്പടിവാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയത് സ്വജനപക്ഷപാതമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം. 

ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ട് സര്‍ക്കാര്‍ നിയമമുണ്ടാക്കിയത് ഈ കേസ് പരിഗണനയിലുള്ളതുകൊണ്ടാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ലോകായുക്ത വിധി എതിരായ വന്നാലും അത് തള്ളാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് നിയമം. നിയമസഭ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com