താനൂർ ബോട്ടപകടം; മൂന്ന് പേർ കൂടി അറസ്റ്റിൽ 

നാസറിനെ രക്ഷപെടാൻ സഹായിച്ച മൂന്ന് പേരാണ് അറസ്റ്റിലായത്
താനൂര്‍ ബോട്ട് അപകടം, എക്സ്പ്രസ് ചിത്രം
താനൂര്‍ ബോട്ട് അപകടം, എക്സ്പ്രസ് ചിത്രം

മലപ്പുറം: താനൂരിലെ ബോട്ടപകടത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. താനൂർ സ്വദേശികളായ സലാം, വാഹിദ്, മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി നാസറിനെ രക്ഷപെടാൻ സസഹായിച്ചതിനാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്. താനൂരില്‍ അപകടമുണ്ടാക്കിയ അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടമ നാസറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. 

കൊലപാതകക്കേസ് ആയി പരിഗണിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ബോട്ടിലെ സ്രാങ്ക്, ഡ്രൈവര്‍ എന്നിവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. ഉടന്‍ തന്നെ ഇവരെ പിടികൂടുമെന്നും എസ്പി വ്യക്തമാക്കി. 

അതേസമയം താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ടെയും മലപ്പുറത്തെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ട് സർവീസ് നിർത്തിവെച്ചു. അറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂർ പോർട്ട് പരിധിയിൽ വരുന്ന ബോട്ട് സർവീസ് നിർത്തിവെക്കാനാണ് ഉത്തരവ്. വിശദമായ പരിശോധനയ്‌ക്ക് ശേഷം മാത്രം സർവീസ് നടത്താൻ അനുമദി നൽകും.

താനൂരിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് മലപ്പുറം എസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ഡിജിപി രൂപീകരിച്ചിട്ടുണ്ട്. താനൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. എസ്‌പി കൊണ്ടോട്ടി, താനൂര്‍ ഇന്‍സ്‌പെക്ടര്‍, ഡാന്‍സാഫ് ടീം തുടങ്ങിയവര്‍ സംഘത്തിലുണ്ടാകുമെന്ന് എസ്‌പി സുജിത് ദാസ് പറഞ്ഞു. 

അപകടത്തില്‍പ്പെട്ട ബോട്ടില്‍ വിദഗ്ധ പരിശോധന നടത്തും. ഇതിനായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം അടുത്തു തന്നെ പരിശോധിക്കും. മത്സ്യബന്ധന ബോട്ടിന് രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അന്വേഷിക്കും. ബോട്ടിന് പെര്‍മിറ്റ്, അനുമതി തുടങ്ങിയവ ലഭിച്ചതിനെപ്പറ്റിയും അന്വേഷിക്കുമെന്ന് എസ്പി സുജിത് ദാസ് അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com