'നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നത്'; ഡോക്ടര്‍മാരോട് കയര്‍ത്ത് കോങ്ങാട് എംഎല്‍എ, വിവാദം

ഭര്‍ത്താവിനെയും കൊണ്ട് പനിയ്ക്ക് ചികിത്സ തേടി എത്തിയപ്പോഴാണ് എംഎല്‍എ മോശമായി പെരുമാറിയതെന്നും ഡോക്ടര്‍മാര്‍ പറയുന്നു
എംഎൽഎ ശാന്തകുമാരി, ആശുപത്രി
എംഎൽഎ ശാന്തകുമാരി, ആശുപത്രി

പാലക്കാട്: ഡോക്ടര്‍മാര്‍ക്കെതിരെ കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയുടെ പരാമര്‍ശം വിവാദത്തില്‍. നിങ്ങളുടെ സ്വഭാവം കൊണ്ടാണ് നിങ്ങള്‍ക്ക് ഇങ്ങനെ കിട്ടുന്നതെന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. ഭര്‍ത്താവിന് ചികിത്സ തേടി എത്തിയപ്പോഴായിരുന്നു എംഎല്‍എ ഇത്തരത്തില്‍ പറഞ്ഞത്.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് എംഎല്‍എയ്‌ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. ഇന്നലെ രാത്രി എട്ടരയോടെ, കാഷ്വാലിറ്റിയില്‍ ഭര്‍ത്താവിനെയും കൊണ്ട് പനിയ്ക്ക് ചികിത്സ തേടി എത്തിയപ്പോഴാണ് എംഎല്‍എ മോശമായി പെരുമാറിയതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

കൈകൊട്ടു തൊട്ടു നോക്കി മരുന്നു കുറിച്ച ഡോക്ടറോട് എന്തുകൊണ്ട് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎല്‍എ കയര്‍ക്കുകയായിരുന്നു. നിങ്ങളുടെയൊക്കെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് എംഎല്‍എ ആക്ഷേപിച്ചെന്നും ഡോക്ടര്‍മാര്‍ പരാതിയില്‍ പറയുന്നു. 

ഡോ. വന്ദനയുടെ മരണത്തിന്റെ ആഘാതം വിട്ടുമാറും മുമ്പാണ്, അതിന്റെ പ്രതിഷേധം നിലനില്‍ക്കെത്തന്നെ ജോലിക്ക് കയറിയ തങ്ങളോട് ഒരു ജനപ്രതിനിധി ഇത്തരത്തില്‍ ആക്ഷേപിച്ച് സംസാരിച്ചതെന്ന് ഡോക്ടര്‍ കുറ്റപ്പെടുത്തുന്നു. കയറി വന്ന ഉടന്‍ തന്നെ ഇരിക്കാന്‍ പറയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പരിശോധിച്ചു നോക്കുകയും ചെയ്തു. 

നല്ല ചൂടുണ്ടല്ലോ എന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍, തെര്‍മോ മീറ്റര്‍ വെച്ചു നോക്കിയോ, ഇങ്ങനെയാണോ നിങ്ങള്‍ രോഗികളെ പരിശോധിക്കുന്നത്, ഇതാണോ നിങ്ങളുടെ ആറ്റിറ്റിയൂഡ് തുടങ്ങിയ ചോദ്യങ്ങളുമായി തട്ടിക്കയറി. ഇതു കാഷ്വാലിറ്റി ആണെന്നും തെര്‍മോ മീറ്റര്‍ വെച്ചു നോക്കാനുള്ള സൗകര്യം ഇവിടെയില്ലെന്നും മറുപടി നല്‍കിയത് എംഎല്‍എ ചെവിക്കൊണ്ടില്ലെന്നും ഡോക്ടര്‍ പറയുന്നു. 

ഇവിടെ ആരുമില്ലേ, ഇവിടെ ഡോക്ടറൊന്നുമില്ലേ എന്നു ഉച്ചത്തില്‍ ചോദിച്ച് അധികാരഭാവത്തോടെയാണ് എംഎല്‍എ ആശുപത്രിയിലേക്ക് കടന്നു വന്നത്. എംഎല്‍എയ്‌ക്കൊപ്പം വന്ന ഭര്‍ത്താവിനെ ഉടന്‍ തന്നെ ഡോക്ടര്‍ പരിശോധിച്ചശേഷം, നല്ല ചൂടുണ്ടെന്നും ഇന്‍ജെക്ഷന്‍ എടുക്കാനും കുറിച്ചു. ഇതോടെയാണ് തെര്‍മോ മീറ്റര്‍ പോലും ഉപയോഗിക്കാതെയാണോ മരുന്നു കുറിച്ചതെന്ന് ചോദിച്ച് ശാന്തകുമാരി കയര്‍ത്തത്. 

ആക്‌സിഡന്റ് ആന്റ് ട്രോമ കെയര്‍ എന്ന നിലയില്‍ പരിചരണം നല്‍കുന്ന ആശുപത്രിയാണിത്. അപ്പോള്‍ അവിടെ  വന്നതില്‍ എംഎല്‍എയുടെ ഭര്‍ത്താവ് മാത്രമാണ് നടന്നു വന്നത്. മറ്റു രോഗികളെല്ലാം വീല്‍ചെയറിലും ട്രോളിയിലുമാണ് വന്നത്. എന്നിട്ടും എംഎല്‍എയുടെ ഭര്‍ത്താവിനെ നല്ല നിലയില്‍ തന്നെ പരിശോധിച്ചു മരുന്നു കുറിച്ചു കൊടുക്കുകയായിരുന്നു. 

എംഎല്‍എ കയര്‍ത്തതിനെ തുടര്‍ന്ന് ഐസിയുവില്‍ പോയി തെര്‍മോ മീറ്റര്‍ കൊണ്ടു വന്ന് പനി പരിശോധിക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷമാണ് നിങ്ങളുടെയൊക്കെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നത് എന്നു പറഞ്ഞുകൊണ്ട് എംഎല്‍എ പോയതെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍ വന്ദനയുടെ മരണത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ ഇത്തരത്തിലൊരു പ്രസ്താവന ഏതെങ്കിലും ആരോഗ്യപ്രവര്‍ത്തകന്റെ മുഖത്തു നോക്കി പറയുന്നത് മാനുഷികമാണോയെന്നും ഡോക്ടര്‍ ചോദിക്കുന്നു. 

സംഭവത്തില്‍ ഡിഎംഒ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ഡോക്ടര്‍മാരെ ആക്ഷേപിച്ചിട്ടില്ലെന്നാണ് കോങ്ങാട് എംഎല്‍എ ശാന്തകുമാരി പറയുന്നത്. ഡോക്ടര്‍മാരോട് പരുഷമായി പെരുമാറിയിട്ടില്ല. എന്നാല്‍ തെര്‍മോ മീറ്റര്‍ വെച്ച് ഡോക്ടര്‍മാര്‍ പരിശോധിച്ചില്ലെന്നും എംഎല്‍എ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com