

പാലക്കാട്; പാലക്കാട് ജില്ലാ അശുപത്രിയിലെ ഡോക്ടർമാരോട് മോശമായി പെരുമാറി എന്ന ആരോപണത്തിൽ വിശദീകരണവുമായി കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി. തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നെന്നും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് ശാന്തകുമാരി വ്യക്തമാക്കിയത്. ഭർത്താവിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ആ സമയത്ത് ഡോക്ടർ ഉത്തരവാദിത്വമില്ലാതെ പെരുമാറി. ഇത് ചോദ്യം ചെയ്ത തന്നോട് ധിക്കാരപരമായി സംസാരിച്ചെന്നും അവർ വ്യക്തമാക്കി. "നിങ്ങളുടെ പെരുമാറ്റം കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്" എന്ന രീതിയിൽ താൻ പറഞ്ഞിട്ടില്ലെന്നും ശാന്തകുമാരി പറഞ്ഞു. തന്റെ സംഭാഷണത്തിലോ പരാമർശത്തിലോ ആർക്കെങ്കിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി കൂട്ടിച്ചേർത്തു.
ശാന്തകുമാരിയുടെ കുറിപ്പ്
11/05/2023 ന് വൈകുന്നേരം 8:00 നും 8:30 മണിക്കും ഇടയിൽ ഞാൻ എന്റെ ഭർത്താവിന് അസുഖവുമായി പാലക്കാട് ജില്ലാ ആശുപത്രിയിൽ ക്യാഷ്യാലിറ്റിയിൽ ചെന്ന സമയം, ഞാൻ എം.എൽ.എ. ആണ് എന്ന് സ്വയം പരിചയപ്പെടുത്തുകയും അവർ അതൊന്നും ശ്രദ്ധിക്കാതെ നിന്ന സമയം റോഷിനി എന്നുപറയുന്ന ഡോക്ടർ വന്ന് ഭർത്താവിൻ്റെ പേരും വയസും ചോദിച്ച് ഒ.പി. ടിക്കറ്റിൽ രേഖപ്പെടുത്തി. ഭർത്താവിന് കടുത്ത പനിയും വിറയലും ഉണ്ടായിരുന്നു. ഡയബറ്റിക് ആണെന്ന് ഞാൻ പറഞ്ഞപ്പോൾ ഡോക്ടർ തൊട്ട് നോക്കി "100ഡിഗ്രി" ആണെന്നും ഇൻജക്ഷൻ നൽകാമെന്നു പറയുകയും ചെയ്തു.
അപ്പോൾ ഞാൻ "ഇവിടെ തെർമോമീറ്ററും, സ്റ്റെതസ്കോപ്പും ഒന്നും ഇല്ലേ" എന്ന് ചോദിച്ചു. "അത് ഇവിടെ ഇല്ലെന്നും തോട്ടുനോക്കിയാൽ അറിയമെന്നുമാണ്" ഡോക്ടർ മറുപടി പറഞ്ഞത്.
ഈ സമയം ഞാൻ "തൊട്ട് നോകിയിട്ടാണോ നിങ്ങൾ രോഗികൾക്ക് ഇൻഞ്ചക്ഷൻ നൽകുന്നത് , നിങ്ങൾക്ക് രോഗികളോട് ഒക്കെ ഒന്ന് മര്യാദയ്ക്ക് പെരുമാറികൂടെ" എന്ന് പറഞ്ഞു.
ആ സമയം പൂജ എന്ന ഡോക്ടർ ഓടിവന്ന് "നിങ്ങൾ എം.എൽ.എ.യൊക്കെ ആയിരിക്കും ഇവിടെ ഒരുപാട് രോഗിക്കൾ ഉണ്ട്" എന്ന് പറഞ്ഞ് എന്നോട് കയർക്കുകയും ചെയ്തു.
ആ സമയം ഞാൻ "ക്യാഷ്യാലിറ്റിയിൽ ഒരുപാട് രോഗികൾ വരും എല്ലാവരെയും നോക്കാൻ നിങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടെന്നും, തലയിൽ മുറുവുമായിവരുന്നവരെ മാത്രമേ നിങ്ങൾ നോക്കുകയുള്ളോ" എന്ന് ഞാൻ പൊതുവായാണ് സംസാരിച്ചത്.
ഇതിന് ശേഷമാണ് ഒരു മെയിൽ നെഴ്സ് ICU യിൽ നിന്ന് തെർമോമീറ്റർ കൊണ്ടു വന്ന് പനി നോക്കിയതും, തുടർന്ന് ഇൻജക്ഷൻ എടുക്കുകയും ചെയ്തത്.
ശേഷം ഞാൻ പുറത്ത് വന്ന് DMO, സുപെറിൻ്റെണ്ടെൻ്റ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് (ഇന്ന് രാവിലെ വിളിച്ച് പറഞ്ഞു) എന്നിവരെ വിളിച്ച് ഈ കാര്യം പറയുകയും ചെയ്തു.
ഞാൻ എം.എൽ.എ. ആണെന്ന് അറിഞ്ഞു കൊണ്ട് എന്നെ അപമാനപ്പെടുത്തുന്ന രീതിയിൽ ഡോക്ടർമാർ ധിക്കാരപരമായ രീതിയിൽ സംസാരിച്ചതിൽ എനിക്ക് പരാതിയുണ്ടെന്നും ആയത് അന്വേഷിക്കണം എന്നും ഞാൻ ഫോണിൽ വിളിച്ചു പരാധിപ്പെട്ടിരുന്നു.
കഴിഞ്ഞ 5 - വർഷക്കാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ജില്ലാ ആശുപത്രിയിലെ ഇന്നു കാണുന്ന വികസനത്തിന്റെ ഭാഗമായ വ്യക്തി കൂടിയാണ് ഞാൻ.
സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ രോഗികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം...
ഈ സംഭവത്തെ Dr. വന്ദനയുടെ മരണവുമായി ബന്ധപ്പെടുത്തി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരും അല്ലാത്തവരും വാർത്താചാനലിൽ ഞാൻ ഡോക്ടർമാരോട് ഇങ്ങനെ തട്ടികേറി പറഞ്ഞതായി "നിങ്ങളുടെ പെരുമാറ്റം കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്" എന്ന് പറഞ്ഞു എന്ന രീതിയിൽ വളച്ചൊടിച്ച് വാർത്തകൾ വന്നു കൊണ്ടിരിക്കുകയാണ്.
ഞാൻ അത്തരത്തിലുള്ള ഒരു സംഭാഷണവും പരാമർശമോ നടത്തിയിട്ടില്ല.
ഞാൻ ഒരു സി.പി.ഐ.എം. പ്രവർത്തകയാണ് എല്ലാവർക്കും നല്ല സേവനവും സൗകര്യവും കിട്ടണം എന്നാണ് ആഗ്രഹിക്കുന്നത്. ഈ സന്ദർഭത്തിൽ മേൽ പഞ്ഞെ എന്റെ സംഭാഷണത്തിലോ പരാമർശത്തിലോ ആർക്കെങ്കിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
ഈ കാര്യം KGMOA യുടെ ജില്ലാ പ്രതിനിധി Dr. ഗോപികൃഷ്ണനെ ഫോണിലൂടെ വിളിച്ച് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates