'കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ്'; കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന്

കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം കെ-ഫോണ്‍ മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

നിലവില്‍  18,000 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചു. അതില്‍ 748 കണക്ഷന്‍ നല്‍കി.  

ഇന്റര്‍നെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച ഗവണ്മെന്റാണ് കേരളത്തിലുള്ളത്. മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടു കുതിയ്ക്കാന്‍ സാര്‍വത്രികമായ ഇന്റര്‍നെറ്റ് സൗകര്യം  അനിവാര്യമാണ്. ജ്ഞാന സമ്പദ് വ്യവസ്ഥയില്‍ ഊന്നുന്ന നവകേരള നിര്‍മ്മിതിക്കായുള്ള പരിശ്രമത്തിനു അടിത്തറയൊരുക്കുന്ന പദ്ധതിയായി കെഫോണ്‍ മാറും. 

കെ ഫോണ്‍ പദ്ധതി ടെലികോം മേഖലയിലെ കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള ഇടതുസര്‍ക്കാരിന്റെ ജനകീയ ബദല്‍കൂടിയാണ്. സ്വകാര്യ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണത്തിന് അവസരമൊരുക്കരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടത്. വൈദ്യുതി, ഐടി വകുപ്പുകള്‍ വഴി എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കെ ഫോണ്‍ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റല്‍ ഡിവൈഡ് മറികടക്കാന്‍ സഹായകമാവും. 

കെ-ഫോണ്‍ പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1  ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ ലഭ്യമായിരുന്നു.

കെ ഫോണ്‍ കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റാണ്. സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുന്നതിനും ഇ- ഗവേര്‍ണന്‍സ് സാര്‍വത്രികമാക്കുന്നതിനും പദ്ധതി സഹായകമാവുമെന്നും 
മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com