'മൃതദേഹം വെച്ചുള്ള വിലപേശല്‍ സമരത്തെ കെസിബിസി പിന്തുണയ്ക്കുന്നില്ല'; നിലപാട് തിരുത്തി വനംമന്ത്രി

കണമലയില്‍ വേട്ടക്കാര്‍ ഓടിച്ചതുകൊണ്ടാണ് കാട്ടുപോത്ത് അപ്രതീക്ഷിതമായി ആക്രമിച്ചതെന്ന് അഭ്യൂഹമുണ്ടെന്ന് മന്ത്രി പറഞ്ഞു
മന്ത്രി ശശീന്ദ്രൻ/ ടിവി ദൃശ്യം
മന്ത്രി ശശീന്ദ്രൻ/ ടിവി ദൃശ്യം

കോഴിക്കോട്: കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട് കെസിബിസിക്കെതിരായ പ്രതികരണത്തില്‍ നിലപാട് തിരുത്തി വനംമന്ത്രി എ കെ ശശീന്ദ്രന്‍. മൃതദേഹം വെച്ചുള്ള വിലപേശല്‍ സമരത്തെ കെസിബിസി പിന്തുണയ്ക്കുന്നില്ല. മറ്റാരോ ആണ് സമരത്തിന് പിന്നില്‍. താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. അപേക്ഷിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് മന്ത്രി വിശദീകരിച്ചു. 

മറ്റാരോ ആണ് ആക്രമണത്തില്‍ മരിച്ചവരുടെ മൃതദേഹം വെച്ച് വിലപേശല്‍ സമരം നടത്തുന്നത്. കെസിബിസി ഇത്തരം സമരങ്ങളെ പ്രാത്സാഹിപ്പിക്കുന്നില്ല. ഇത്തരം സമരങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നത്. എരുമേലിയില്‍ എന്തു നടക്കുന്നു എന്നതാണ് പറഞ്ഞത്. അല്ലാതെ ഏതെങ്കിലും സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനത്തെയല്ല താന്‍ നേരത്തെ പരാമര്‍ശിച്ചത്. 

കാണാന്‍ സമയം ചോദിച്ചിട്ട് താമരശ്ശേരി ബിഷപ്പ് സന്ദര്‍ശനാനുമതി നിഷേധിച്ചു എന്ന വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹം തന്നെ മറുപടി പറഞ്ഞാല്‍ നമുക്ക് വിശ്വാസമായല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി. എപ്പോഴും തനിക്ക് സഹായകരമായ നിലപാടാണ് താമരശ്ശേരി ബിഷപ്പും അവിടെയുള്ള ആളുകളും തന്നിട്ടുള്ളത്. വളരെ സൗഹൃദത്തിലാണ് തങ്ങള്‍ പ്രവര്‍ത്തിച്ചു പോന്നിട്ടുള്ളത്. 

ആ ഊഷ്മള ബന്ധത്തിന് കോട്ടം തട്ടുന്ന ഒന്നും ഉണ്ടായിട്ടില്ലെന്നാണ് വിശ്വസിക്കുന്നത്. കണമലയില്‍ വേട്ടക്കാര്‍ ഓടിച്ചതുകൊണ്ടാണ് കാട്ടുപോത്ത് അപ്രതീക്ഷിതമായി ആക്രമിച്ചതെന്ന് അഭ്യൂഹമുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഇതില്‍ സ്ഥിരീകരണമില്ല. ഇതു ശരിയാണോയെന്നറിയാന്‍ ഒത്തിരി പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ഊഹാപോഹം ശരിയാണോ എന്നു പരിശോധിക്കാതെ കൃത്യമായ ഉത്തരം പറയാനാകില്ലെന്നും വനംമന്ത്രി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com