'കുട്ടികള്‍ ആസ്വദിക്കട്ടെ'; അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനുളള സ്‌റ്റേ നീട്ടാതെ ഹൈക്കോടതി

അവധിക്കാലത്ത് ക്ലാസുകള്‍ വേണ്ടെന്ന കാഴ്ചപ്പാട് കൂട്ടിച്ചേര്‍ത്ത് വിഷയം ഡിവിഷന്‍ ബെഞ്ചിന് റഫര്‍ ചെയ്തു.
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം


കൊച്ചി: അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനുളള സ്‌റ്റേ നീട്ടാതെ ഹൈക്കോടതി. കുട്ടികള്‍ അവധിക്കാലം ആസ്വദിക്കട്ടെ എന്നായിരുന്നു ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. 

അവധിക്കാലത്ത് ക്ലാസുകള്‍ വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ചോദ്യം ചെയ്തു കൊണ്ട് സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.  വിഷയം ഡിവിഷന്‍ ബെഞ്ചിന് റഫര്‍ ചെയ്തു. 

അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് നേരത്തെ ജസ്റ്റിസ് എ ബദറുദിന്റെ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. സംസ്ഥാനത്തെ വേനലവധി ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ച് മെയ് 4നാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കിയത്.

സിബിഎസ്ഇ അടക്കം എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും നിരോധനം ബാധകമാക്കിക്കൊണ്ടായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. വേനലവധിക്ക് കുട്ടികളെ  പഠനത്തിനും ഇതര ക്യാമ്പുകള്‍ക്കും നിര്‍ബന്ധിക്കരുത്. സ്‌കൂളുകള്‍ മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തില്‍ അടയ്ക്കണം. ജൂണ്‍ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തില്‍ തുറക്കുകയും വേണം. കുട്ടികളെ അവധിക്കാലത്ത് നിര്‍ബന്ധിച്ച് ക്ലാസുകളിലിരുത്തുന്നത് മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുമെന്നും വേനല്‍ ചൂട് മൂലമുണ്ടാകുന്ന ഗുരുതര  ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com