കൈക്കൂലിക്കേസില്‍ കൈയോടെ പൊക്കി;  വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു

ഇന്നലെ  സുരേഷിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഒരുകോടിയുടെ സമ്പാദ്യം കണ്ടെത്തിയിരുന്നു.
അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ്‌
അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ്‌


പാലക്കാട്: കൈക്കൂലി കേസില്‍ അറസ്റ്റിലായ പാലക്കയം വില്ലേജ് ഫീല്‍ഡ് വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. പാലക്കാട് ജില്ലാ കലക്ടറുടേതാണ് ഉത്തരവ്. ഗുരുതരമായ കൃത്യവിലോപം നടത്തിയെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഇന്നലെ  സുരേഷിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഒരുകോടിയുടെ സമ്പാദ്യം കണ്ടെത്തിയിരുന്നു.

അതേസമയം, തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.  അടുത്ത മാസം ഏഴിനാണ് ഇനി കേസ് പരിഗണിക്കുക. 

ചൊവ്വാഴ്ച 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് കുമാര്‍ വിജിലന്‍സിന്റെ പിടിയിലായത്.  തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പണത്തിന് പുറമെ കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റര്‍ തേന്‍, കെട്ടു കണക്കിന് പേനകള്‍ എന്നിവ വിജിലന്‍സ് കണ്ടെത്തിയിരുന്നു. കൈക്കൂലിയായി പൈസ മാത്രമല്ല എന്ത് കിട്ടിയാലും സുരേഷ് കുമാര്‍ കൈപ്പറ്റിയിരുന്നു എന്നാണ് വിജിലന്‍സ് പറയുന്നത്. 2500 രൂപ മാസവാടകയുള്ള റൂമിലാണ് സുരേഷ് കുമാര്‍ താമസിച്ചിരുന്നത്.

ആദ്യം ചോദ്യം ചെയ്തപ്പോള്‍ ആറു ലക്ഷം രൂപ കൈവശം ഉണ്ടെന്നായിരുന്നു സുരേഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ കണ്ടെത്തിയത് ഒരുകോടിയിലേറെയാണ്. പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉള്‍പ്പെടെ 1.05 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയില്‍ നടത്തിയ റെയ്ഡിലാണ് 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 17 കിലോ നാണയങ്ങളും കണ്ടെടുത്തത്. ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 25 ലക്ഷം രൂപയായിരുന്നു. 

പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ മൊഴി. അവിവാഹിതന്‍ ആയതിനാല്‍ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴി നല്‍കി. ഇയാള്‍ ഒരു മാസമായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com