യുപിഎസ്‌സി പരീക്ഷ; ഞായറാഴ്ച അധികസര്‍വീസുമായി കൊച്ചി മെട്രോ

രാവിലെ ഏഴരയ്ക്ക് പകരം ആറ് മണിക്ക് സര്‍വീസ് ആരംഭിക്കുമെന്ന് കൊച്ചി മെട്രോ
കൊച്ചി മെട്രോ, ഫയല്‍ ചിത്രം
കൊച്ചി മെട്രോ, ഫയല്‍ ചിത്രം

കൊച്ചി: ഞായറാഴ്ച യുപിഎസ് സി പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ അധികസര്‍വീസ് ഒരുക്കി കൊച്ചി മെട്രോ. പരീക്ഷാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രത്തില്‍ യഥാസമയം എത്തിച്ചേരാനായി രാവിലെ ഏഴരയ്ക്ക് പകരം ആറ് മണിക്ക് സര്‍വീസ് ആരംഭിക്കുമെന്ന് കൊച്ചി മെട്രോ ആറിയിച്ചു. 

വിവിധ അഖിലേന്ത്യാ സര്‍ക്കാര്‍ സര്‍വീസുകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യഘട്ടം മെയ് 28ന് നടക്കും. 9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലെ പരീക്ഷാര്‍ഥികള്‍ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് സെന്ററുകള്‍. കേരളത്തില്‍ 79 കേന്ദ്രങ്ങളില്‍ 24,000 പേരാണ് പരീക്ഷ എഴുതുന്നത്. പരീക്ഷാ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

പരീക്ഷാ സമയത്തിന് 10 മിനിട്ട് മുമ്പ് ഹാളില്‍ പ്രവേശിക്കണം. ഉച്ചയ്ക്കുമുമ്പുള്ള സെഷനില്‍ 9.20നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കായി 2.20നു മുമ്പും പരീക്ഷാ ഹാളില്‍ എത്തണം. ഹാള്‍ടിക്കറ്റില്‍ യു.പി.എസ്.സി അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളില്‍ മാത്രമെ പരീക്ഷ എഴുതാന്‍ അനുവദിക്കൂ. ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റിനൊപ്പം അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കിയ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡും കൈയ്യില്‍ കരുതണം. ആവശ്യപ്പെടുമ്പോള്‍ ഇത് ഇന്‍വിജിലേറ്ററെ കാണിക്കണം. പരീക്ഷയ്ക്ക് എത്തുന്നവര്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. കറുത്ത ബാള്‍പോയിന്റ് പേന കൊണ്ടാണ് ഉത്തരസൂചിക പൂരിപ്പിക്കേണ്ടത്. ബാഗുകള്‍, മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍, ഇലക്ട്രോണിക് വാച്ചുകള്‍ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക്, ഐടി ഉപകരണങ്ങള്‍ പരീക്ഷാഹാളില്‍ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ ആരെയും പുറത്തു പോകുവാന്‍ അനുവദിക്കില്ല. ഉദ്യോഗാര്‍ഥികളുടെ ബയോമെട്രിക് വിവരങ്ങള്‍ പരീക്ഷാകേന്ദ്രത്തില്‍ ശേഖരിക്കേണ്ടതിനാല്‍ നേരത്തെതന്നെ പരീക്ഷാകേന്ദ്രത്തില്‍ എത്തണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com