ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ മഹത്തായ മാതൃക; അതാണ് യഥാര്‍ത്ഥ കേരള സ്‌റ്റോറി: തേജസ്വി യാദവ്

ആരോഗ്യരംഗത്തും വിദ്യഭ്യാസമേഖലയിലും മഹത്തായ മാതൃകകളാണ് കേരളം സൃഷ്ടിച്ചതെന്നും അതാണ് യഥാര്‍ത്ഥ കേരളാ സ്റ്റോറിയെന്നും ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്
തേജസ്വി യാദവ്/ഫയല്‍
തേജസ്വി യാദവ്/ഫയല്‍

കോഴിക്കോട്: ആരോഗ്യരംഗത്തും വിദ്യഭ്യാസമേഖലയിലും മഹത്തായ മാതൃകകളാണ് കേരളം സൃഷ്ടിച്ചതെന്നും അതാണ് യഥാര്‍ത്ഥ കേരളാ സ്റ്റോറിയെന്നും ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. അനീതിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്‍ജെഡിയുടെ എംപി വീരേന്ദ്രകുമാര്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'നമ്മുടെ രാജ്യത്തെ ജനങ്ങളുടെ സമാധാനപൂര്‍വമായ സഹവര്‍ത്തിത്വമല്ല കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പട്ടികവര്‍ഗ- ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബിജെപിയ്ക്കു ചിന്തയില്ല. ഇതിനാലാണ് ജാതി സെന്‍സസ് എന്ന ആവശ്യം ബിജെപി നിരാകരിക്കുന്നത്. ബിജെപി കേന്ദ്രം ഭരിച്ച കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളിലും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ നേര്‍ക്ക് വലിയ തോതിലുള്ള കടന്നാക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്'.- തേജസ്വി യാദവ് പറഞ്ഞു.

'ഇന്ന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ മതപരവും സാമുദായികവുമായ ധുവ്രീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. കേരളത്തിലുള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടാന്‍ ദേശീയ ഏജന്‍സികളെ ബിജെപി ഉപയോഗിക്കുകയാണ്. ജുഡീഷ്യറിയ്ക്കു നേരെ വരെ ബിജെപി കടന്നാക്രമണം ആരംഭിച്ചു. ഈ സാഹചര്യത്തില്‍ നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഒന്നിച്ചു പ്രവര്‍ത്തിക്കണം. ആശയപരമായി രണ്ടു പ്രസ്ഥാനങ്ങളും തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ടാകും. പക്ഷേ നമ്മുടെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കുക എന്ന പൊതുതാത്പര്യത്തിനു പുറത്ത് ഒന്നിച്ചു നില്‍ക്കണം. അത്തരത്തിലൊരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചെങ്കില്‍ മാത്രമേ ബിജെപിയെ തകര്‍ക്കാനാകൂ. ഇന്ന് ഇന്ത്യ നേരിട്ടു കൊണ്ടിരിക്കുന്ന വിലക്കയറ്റത്തിനും തൊഴിലായ്മയ്ക്കും സാമ്പത്തിക പ്രതിസന്ധിയ്ക്കും പരിഹാരം കാണാനും ഇത്തരത്തില്‍ ഒന്നിച്ചു നില്‍ക്കുന്നതിലൂടെ സാധിക്കും. ആരോഗ്യരംഗത്തും വിദ്യഭ്യാസമേഖലയിലും മഹത്തായ മാതൃകകളാണ് കേരളം സൃഷ്ടിച്ചത്. താനുള്‍പ്പടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അതാണ് യഥാര്‍ഥ കേരളാ സ്റ്റോറിയെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.'തേജസ്വി യാദവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com