എംബിഎ കോഴ്‌സുമായി റവന്യൂവകുപ്പ്; ക്ലാസുകള്‍ സെപ്റ്റംബര്‍ മുതല്‍

ലാന്‍ഡ് ഗവേര്‍ണന്‍സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, റിവര്‍ ആന്‍ഡ് വാട്ടര്‍ മാനേജ്‌മെന്റ് എന്നിവയില്‍ ഈ അധ്യയന വര്‍ഷം മുതല്‍ എംബിഎ കോഴ്‌സുകള്‍ ആരംഭിക്കും.
മന്ത്രി കെ രാജൻ/ ഫെയ്സ്ബുക്ക്
മന്ത്രി കെ രാജൻ/ ഫെയ്സ്ബുക്ക്


തിരുവനന്തപുരം: ഭൂസംരക്ഷണം, ജല സംരക്ഷണം, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ എംബിഎ കോഴ്‌സുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റവന്യൂ വകുപ്പിന്റെ സ്വയംഭരണ പരിശീലന സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് മാനേജ്‌മെന്റിലാകും കോഴ്‌സുകള്‍. ലാന്‍ഡ് ഗവേര്‍ണന്‍സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, റിവര്‍ ആന്‍ഡ് വാട്ടര്‍ മാനേജ്‌മെന്റ് എന്നിവയില്‍ ഈ അധ്യയന വര്‍ഷം മുതല്‍ എംബിഎ കോഴ്‌സുകള്‍ ആരംഭിക്കും.

കേരള സര്‍വകലാശാലയുടെ അഫിലിയേഷനോടെയാകും കോഴ്‌സുകളെന്നു മന്ത്രി വ്യക്തമാക്കി. ഓരോ പ്രോഗ്രാമിലും 30 സീറ്റുകള്‍ വീതമാകും ആദ്യ വര്‍ഷമുണ്ടാകുക. സെപ്റ്റംബര്‍ ഒമ്പതിന് അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി 13ന് ക്ലാസുകള്‍ ആരംഭിക്കും.

ഏതെങ്കിലും ഇന്ത്യന്‍ സര്‍വ്വകലാശാലയില്‍നിന്ന്, കേരള സര്‍വകലാശാല അംഗീകരിച്ച റെഗുലര്‍ സ്ട്രീമിന് കീഴിലുള്ള, ബിരുദം പാസായവര്‍ക്ക് അപേക്ഷിക്കാം. 10+2+3 പാറ്റേണില്‍ (അല്ലെങ്കില്‍ 10+2+4 പാറ്റേണില്‍) ആയിരിക്കണം പഠനം. ബിരുദ പരീക്ഷയില്‍ 50% മാര്‍ക്കില്‍ കുറയാതെ/തത്തുല്യ ഗ്രേഡോടെ (റൗണ്ടിംഗ് ഓഫ് അനുവദനീയമല്ല) പാര്‍ട്ട് കകക / കോര്‍ പ്ലസ് കോംപ്ലിമെന്ററി ബി.എ, ബി.എസ്സി / ബി.ഇ/ ബി.ടെക്, ബി.എസ്സി (Agri) എന്നിവയില്‍ വിജയിച്ചിരിക്കണം. കൂടാതെ മറ്റ് 4/5 വര്‍ഷത്തെ ഡിഗ്രി കോഴ്‌സുകള്‍ 50% മാര്‍ക്കോടെ പാസായവരെയും പരിഗണിക്കും. എം.എ/എം.എസ്സി കേരള സര്‍വകലാശാല അംഗീകരിച്ച പിജി ബിരുദം 50 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെ പാസായവര്‍ക്കും പ്രവേശനത്തിന് അര്‍ഹതയുണ്ട്. എസ്സി/എസ്ടി, എസ്ഇബിസി, ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍വകലാശാല ചട്ടങ്ങള്‍ അനുസരിച്ച് ഇളവ് നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ ഗങഅഠ, ഇങഅഠ അല്ലെങ്കില്‍ ഇഅഠ എന്നിവ നടത്തുന്ന ഏതെങ്കിലും പ്രവേശന പരീക്ഷയില്‍ നിന്ന് സാധുതയുള്ള സ്‌കോര്‍ ഉണ്ടായിരിക്കണം. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ലഭിച്ച സ്‌കോറുകള്‍ മാത്രമാണ് പരിഗണിക്കുന്നത്. സ്ഥാപനം നടത്തുന്ന യോഗ്യതാ പരീക്ഷ വിജയിക്കണം.

ഭൂവിഭവങ്ങളുടെ മാനേജ്‌മെന്റിലും ഭരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ഭൂവിനിയോഗം ഭൂമിയുടെ അവകാശം സുസ്ഥിരവികസനം എന്നിവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണങ്ങളായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഭാവി തലമുറയെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് എംബിഎ ലാന്‍ഡ് ഗവേര്‍ണന്‍സ് എന്ന ദ്വി വത്സര കോഴ്‌സ് ആരംഭിക്കുന്നത്. പഠിതാക്കള്‍ സാമ്പത്തിക ശാസ്ത്രം,  ഭൂനിയമങ്ങള്‍, അന്തര്‍ദേശീയ തലത്തിലുള്ള പൊതുനയങ്ങള്‍ എന്നിവയെ സംയോജിപ്പിച്ച് ഭൂമിയുടെ മൂല്യനിര്‍ണയം, ഏറ്റെടുക്കല്‍, നിര്‍മാര്‍ജനം (Disposal), വികസനം നടപ്പിലാക്കുന്നതിന് പ്രാപ്തരാക്കുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കപ്പെടുന്ന ബിരുദധാരികള്‍ക്ക് , റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, നിയമ-നയ രൂപീകരണ പ്രസ്ഥാനങ്ങളിലും, ലാന്‍ഡ് അസ്സെ പോലുള്ള നോണ്‍ ഗവണ്‍മെന്റ് ഓര്‍ഗനൈസേഷനുകളിലും പ്രവര്‍ത്തിക്കാം. റിയല്‍ എസ്റ്റേറ്റ്, നഗര ആസൂത്രണം തുടങ്ങിയ മേഖലകളില്‍ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിക്കാം. ഭൂമിയുടെ അവകാശങ്ങള്‍,  ഭൂമിയിലെ അതിര്‍ത്തി തര്‍ക്കങ്ങള്‍, സുസ്ഥിര ഭൂപരിപാലന സമ്പ്രദായങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങളും പ്രോഗ്രാമുകളും വികസിപ്പിക്കുന്ന സംരംഭകരാകാനും അവസരം ഒരുക്കുന്നു.   LAND MARKET AND PRICING, LAND LAWS, LAND REFORMS, LAND ADMINISTRATION SYSTEMS, AND SOCIETY, APPROACHES AND MODELS FOR SURVEYING AND SETTLEMENT IN LAND ADMINISTRATION തുടങ്ങിയ വിഷയങ്ങളില്‍ വൈദഗ്ധ്യം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യരാഷ്ട്രസഭയിലും, ലോകബാങ്ക് പോലുള്ള മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളിലും നിരവധി അവസരങ്ങളാണ് ഈ മേഖലയില്‍ നിലവിലുള്ളത്.

എം ബി എ ദുരന്തനിവാരണ MBA ബിരുദധാരികള്‍ക്ക് അടിയന്തര പ്രതികരണത്തിലും തയ്യാറെടുപ്പിലും നിര്‍ണായകമായ പങ്കുവഹിക്കാനാകും. ഐക്യരാഷ്ട്രസഭയിലും ദേശീയ സംസ്ഥാനതല സര്‍ക്കാര്‍ സംരംഭങ്ങളിലും, സന്നദ്ധ സംഘടനകളിലും സ്വകാര്യ സ്ഥാപനങ്ങളിലും വലിയ അവസരങ്ങളാണ് ആഗോളതലത്തില്‍ തന്നെ ദുരന്തനിവാരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളത്. കൂടാതെ ഇന്‍ഷുറന്‍സ് മേഖലയില്‍ റിസ്‌ക് മാനേജ്‌മെന്റ് വിദഗ്ധരായി പ്രവര്‍ത്തിക്കുവാനും അക്കാദമിക ഗവേഷണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനും അവസരമൊരുക്കുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദഗ്ധര്‍ അപകട സാധ്യത വിലയിരുത്തല്‍, ദുരന്ത ലഘൂകരണം, ഭൂകമ്പങ്ങള്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളും ഭീകരാക്രമണം പോലുള്ള മനുഷ്യനിര്‍മ്മിത ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിന് വൈദഗ്ധ്യം നേടുന്നു. ഭൂകമ്പം, സുനാമി തുടങ്ങിയ വളരെ വലിയ ഭൂമേഖലകളെ ബാധിക്കുന്ന ദുരന്തങ്ങള്‍, പേമാരി - വെള്ളപ്പൊക്കം - ഉരുള്‍പൊട്ടല്‍ - പകര്‍ച്ച വ്യാധികള്‍ തുടങ്ങി ഒന്നിന് പിന്നാലെ ഒന്നായി ഉണ്ടാകുന്ന ദുരന്തങ്ങള്‍, നിപ്പ പോലുള്ള പ്രാദേശിക പകര്‍ച്ച വ്യാധികള്‍ എന്നിങ്ങനെ വ്യത്യസ്ത രീതികളിലാണ് ദുരന്തങ്ങള്‍ ഉണ്ടാകുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും മിഷ്യന്‍ ലേണിങ്ങിന്റെയും സഹായത്തോടെ വളരെ വലിയ ഡാറ്റകളെ വിശകലനം ചെയ്യുന്നത് വഴി ഈ ദുരന്തങ്ങളുടെ ട്രെന്‍ഡും, ആഘാതസാധ്യതകളും കൃത്യമായി കണ്ടെത്താനും തടയുവാനും സാധിക്കും. ഇതിനു വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള അന്തര്‍ദേശീയ നിലവാരത്തിലുള്ള സിലബസാണ് ദുരന്തവാരണത്തില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര തല ഏകോപനത്തില്‍ ആശയവിനിമയത്തിന്റെ പ്രാധാന്യം വളരെ പ്രസക്തമായതിനാല്‍ പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്ന ഒരു കോഴ്‌സ് അമേരിക്കയില്‍ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടുകൂടി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കും. കൂടാതെ HUMANITARIAN LOGISTICS AND SUPPLY CHAIN MANAGEMENT, INFORMATION COMMUNICATION TECHNOLOGY, DATA ANALYTICS IN EMERGENCY MANAGEMENT, PUBLIC HEALTH, SOCIETIAL DIMENSIONS തുടങ്ങിയ വിഷയങ്ങളില്‍ വൈദഗ്ധ്യം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ നിരവധി അവസരങ്ങളാണ് ഈ മേഖലയിലുള്ളത്.

നദികള്‍, ജലസ്രോതസ്സുകള്‍ എന്നിവയുടെ സുസ്ഥിര മാനേജ്‌മെന്റിലും ഭരണത്തിലും വിഭവ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി തയ്യാറാക്കിയ പ്രോഗ്രാം ആണ് എംബിഎ റിവര്‍ ആന്‍ഡ് വാട്ടര്‍ മാനേജ്‌മെന്റ്. ജല ദൗര്‍ലഭ്യം, മലിനീകരണം, ആവാസ വ്യവസ്ഥയുടെ സംരക്ഷണം, ജലവിതരണം, ജലസ്രോതസ്സുകളുടെ ആസൂത്രണം നയ രൂപീകരണം, അന്തര്‍ദേശീയ - അന്തര്‍ സംസ്ഥാന ജലസ്രോതസ്സുകളുടെ മാനേജ്‌മെന്റ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളിലാണ് ഈ പ്രോഗ്രാം വിദഗ്ധരെ സൃഷ്ടിക്കുന്നത്. RIVER BASIN MANAGEMENT, CHANGING TREND OF WATER MANAGEMENT, SURFACE WATER MANAGEMENT, GROUND WATER MANAGEMENT, LAND USE AND WATER MANAGEMENT, CLIMATE CHANGE AND WATER MANAGEMENT തുടങ്ങിയ വിഷയങ്ങളില്‍ വൈദഗ്ധ്യം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് നദി സംയോജനം, നദീതട പരിപാലനം തുടങ്ങിയ മേഖലയില്‍ പ്രായോഗിക തലത്തില്‍ ജോലി ചെയ്യുന്നതിന് സാധിക്കുന്നു. കൂടാതെ വെള്ളപ്പൊക്ക നിയന്ത്രണം, മണ്ണൊലിപ്പ് തടയല്‍, ആവാസ വ്യവസ്ഥയുടെ പുനസ്ഥാപനം, ജല നയ രൂപീകരണം, പാരിസ്ഥിതിക ആഘാത പഠനം, അണക്കെട്ടുകള്‍, ജല ഗുണനിലവാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. കൂടാതെ, വാട്ടര്‍ മോണിറ്ററിംഗ് സിസ്റ്റങ്ങള്‍, ഡാറ്റ അനലിറ്റിക്‌സ്, വാട്ടര്‍ റിസോഴ്‌സ് മോഡലിംഗ് പോലുള്ള സാങ്കേതികവിദ്യയുടെ അവസരങ്ങളില്‍ പര്യവേക്ഷണം ചെയ്യാനും സാധിക്കും.

യുഎസ് എംബസി മുഖാന്തരം അമേരിക്കയില്‍ നിന്നുള്ള വിദഗ്ധരാണ്  ദുരന്തനിവാരണത്തില്‍ ചില കോഴ്‌സുകള്‍ കൈകാര്യം ചെയ്യുന്നത്. വെസ്റ്റേണ്‍ സിഡ്‌നി യൂണിവേഴ്‌സിറ്റി ഓസ്‌ട്രേലിയയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന്, ഇന്ത്യ - ഓസ്ട്രേലിയ വാട്ടര്‍ സെന്ററുമായി MoU ഒപ്പിട്ടിട്ടുണ്ട്. ദേശീയതല ഏകോപനത്തിനായി നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ, ദുരന്തനിവാരണ സ്ഥാപനങ്ങളുടെ ഏകോപിത സംഘടനയില്‍ (India Universities and Institutions Network for Disaster Risk Reduction - IUINDRR) അംഗത്വം ലഭിച്ചിട്ടുണ്ട്. സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതിനായി കേരള സര്‍ക്കാരിന്റെ യങ് ഇന്നവേഷന്‍ പ്രോഗ്രാമുമായി സഹകരിക്കുന്നതിനും MoU ഒപ്പിട്ടിട്ടുണ്ട്. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല, കേരള സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ, തൊഴില്‍ പരിശീലനം റവന്യൂ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകളിലും മറ്റ് വിവിധ തലങ്ങളിലും സ്വായക്തമാക്കാവുന്ന രീതിയിലാണ് കോഴ്‌സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്ന തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷക്കാലയളവിലേക്ക് സ്‌റ്റൈപന്റോടു കൂടിയ ഇന്റേണ്‍ഷിപ്പ് കൂടി വിഭാവനം ചെയ്തിട്ടുണ്ട്. ഭാവിയിലേക്ക് സര്‍ക്കാര്‍ സര്‍വീസുകളിലേക്ക് നിയോഗിക്കപ്പെടുന്നവര്‍ക്ക് അതത് മേഖലകളിലെ അനുഭവ പരിചയം മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ടി.വി. അനുപമ, ഐ.എല്‍.ഡി.എം. ഡയറക്ടര്‍ ഡോ. സജിത് ബാബു, സര്‍വേ ഡയറക്ടര്‍ സീറാം സാംബശിവ റാവു, റവന്യൂ ജോയിന്റ് കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കോഴ്‌സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ എല്‍ ഡി എം മായി ബന്ധപ്പെടണം.  അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ : 94460 66750,  0471 2365559, ildm.revenue@gmail.com.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com