'വ്യാജപ്രചാരണത്തില്‍ ഇടപെടണം'; മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്, നിയമസഹായം നല്‍കുമെന്ന് യൂത്ത്‌കോണ്‍ഗ്രസ്

ഭൂമിയില്ലെന്ന് മന്നാംങ്കണ്ടം വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയതോടെയാണ് തീരുമാനം. 
വിഡിയോ സ്‌ക്രീന്‍ഷോട്ട്
വിഡിയോ സ്‌ക്രീന്‍ഷോട്ട്

തൊടുപുഴ: ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിന് മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഒന്നര ഏക്കര്‍ സ്ഥലവും രണ്ടുവീടുമുണ്ടെന്ന വ്യാജപ്രചാരണത്തിനെതിരെയാണ് മറിയക്കുട്ടി കോടതിയിലേക്ക് പോകുന്നത്. ഭൂമിയില്ലെന്ന് മന്നാംങ്കണ്ടം വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയതോടെയാണ് തീരുമാനം. 

വ്യാജ പ്രചാരണങ്ങള്‍ തടയണമെന്നും ഇതില്‍ കോടതി ഇടപെടണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം. മറിയക്കുട്ടിക്ക് വേണ്ട നിയമസഹായം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്. മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നായിരുന്നു സിപിഎം അനുകൂലികളുടെ പ്രചാരണം. പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ഭിക്ഷ യാചിച്ച വയോധിക സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്നും വീടിനു നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. 

തനിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന പ്രചാരണം തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. അത് അവര് തെളിയിക്കണം. തനിക്ക് ഉണ്ടെന്നു പറയപ്പെടുന്ന ഭൂമി  ഒന്നു കാണിച്ചു തരണം. ഇതിനല്ലേ തഹസില്‍ദാറും വില്ലേജ് ഓഫീസറുമൊക്കെയുള്ളത്. അവിടെ പോയി രേഖയെടുക്കാന്‍ വലിയ വിഷമമുണ്ടോ. അങ്ങോട്ടു ചെന്നാല്‍പ്പോരേ എന്നും മറിയക്കുട്ടി പറഞ്ഞിരുന്നു. സ്വന്തമായി രണ്ടു വീടുണ്ടെന്നും അതില്‍ ഒരു വീട് 5,000 രൂപയ്ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നുമായിരുന്നു പ്രചാരണം. ഇത് കൂടാതെ ഒന്നര ഏക്കറോളം സ്ഥലമുണ്ടെന്നും ഇവരുടെ മക്കളും സഹോദരങ്ങളുമുള്‍പ്പെടെ വിദേശത്താണെന്നുമായിരുന്നു പ്രചാരണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com