'രാജാവാണെന്നാണ് വിചാരം, പിണറായിക്ക് ക്രൂരമനസ്സ്'; മുഖ്യമന്ത്രിയുടേത് കലാപാഹ്വാനമെന്ന് വിഡി സതീശന്‍

'എല്ലാക്കാലവും ആയിരം പൊലീസുകാരുടെ നടുവില്‍ 42 വാഹനങ്ങളുടെ അകമ്പടിയില്‍ നടക്കാമെന്നാണ് പിണറായിയുടെ വിചാരം'
വിഡി സതീശന്‍ /ഫയല്‍
വിഡി സതീശന്‍ /ഫയല്‍



കൊച്ചി:  ക്രിമിനല്‍ മനസ്സുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന പിണറായി ക്രിമിനലാണ്. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ എത്ര കൂരമായ ആക്രമണമാണ് നടന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ആ പദവിയില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു. 

കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമം ജീവന്‍ രക്ഷാപ്രവര്‍ത്തനമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുധീഷ് വെള്ളച്ചാല്‍ എന്നയാളെ തടഞ്ഞു നിര്‍ത്തി കൊല്ലണമെന്ന ഉദ്ദേശത്തോടെ മാരകായുധമായ ഹെല്‍മെറ്റും ഇരുമ്പുവടിയും ചെടിച്ചട്ടിയും ഉപയോഗിച്ച് തലയ്ക്ക് ആക്രമിച്ചു. തടയാന്‍ ചെന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അടിച്ചു പരിക്കേല്‍പ്പിച്ചു. 

സംഭവത്തിന് കാരണം രാഷ്ട്രീയ വിരോധവും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിലുള്ള വിരോധവുമാണെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. വധശ്രമമാണെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ ആഭ്യന്തര വകുപ്പു മന്ത്രി കൂടിയായ മുഖ്യമന്ത്രി പറയുന്നത് ജീവന്‍ രക്ഷാപ്രവര്‍ത്തനമാണെന്ന്. ഈ വധശ്രമം ഇനിയും തുടരണമെന്നാണ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. ഈ മുഖ്യമന്ത്രി ഇനി ആ കസേരയില്‍ ഇരിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. 

ആക്രമണത്തില്‍ പരിക്കേറ്റ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കേള്‍വി ശക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് ഐസിയുവിലാണ്. വീണ്ടും ഇത്തരം ജീവന്‍രക്ഷാപ്രവര്‍ത്തനം തുടരാനാണ് പിണറായിയുടെ ആഹ്വാനം. മുഖ്യമന്ത്രിയുടെ മനസ് എത്ര നികൃഷ്ടമാണ്. എത്ര കൂരമായ മനസ്സാണ്. ക്രിമിനലുകളെ തോല്‍പ്പിക്കുന്ന മനസ്സാണ് മുഖ്യമന്ത്രിക്ക്. എന്ത് അഹങ്കാരമാണ്. അധികാരത്തിന്റെ ധാര്‍ഷ്ട്യം മുഖ്യമന്ത്രിയുടെ തലയ്ക്ക് പിടിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

ചുറ്റും കാണുന്ന പൊലീസും, എല്ലാക്കാലവും ആയിരം പൊലീസുകാരുടെ നടുവില്‍ 42 വാഹനങ്ങളുടെ അകമ്പടിയില്‍ നടക്കാമെന്നാണ് പിണറായിയുടെ വിചാരം. രാജാവാണെന്ന് കരുതിയാണ് മുഖ്യമന്ത്രി നടക്കുന്നത്. രാജഭരണമല്ല കേരളത്തില്‍. കലാപത്തിന് ആഹ്വാനം നല്‍കുകയാണ് മുഖ്യമന്ത്രി. കരിങ്കൊടി കാണിക്കുന്നവരെ കൊല്ലണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാട്ടുകാരുടെ ചെലവില്‍ നാണമില്ലാതെ ഉദ്യോഗസ്ഥരെക്കൊണ്ട് കള്ളപ്പിരിവ് നടത്തുന്ന നവകേരള സദസ്. ചീഫ് സെക്രട്ടറിയെക്കൊണ്ട് സ്വാഗതം പ്രസംഗം. ഇതിനുശേഷം മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രസംഗം. ഇതെന്ത് സര്‍ക്കാര്‍ പരിപാടിയാണ്. ഇതാണോ സര്‍ക്കാര്‍ പരിപാടിയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. 

ഈ പരിപാടി നടത്താന്‍ സ്വന്തം കയ്യിലെ പണം എടുക്കണമായിരുന്നു. ഉണ്ടാക്കിവെച്ചിട്ടുണ്ടല്ലോ കുറേ പണം അഴിമതി നടത്തി. അല്ലെങ്കില്‍ പാര്‍ട്ടി നടത്തണം. അല്ലാതെ ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥന്മാരെക്കൊണ്ടും പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ടും പണം പിരിച്ചിട്ട് രാഷ്ട്രീയം പറയുകമാണ് ചെയ്യുന്നത്. പൊതുതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ നടത്തുന്ന രാഷ്ട്രീയ പ്രചരണ പരിപാടിയാണ് നവകേരള സദസ്. അക്രമത്തിനും കലാപത്തിനും ആഹ്വാനം ചെയ്ത മുഖ്യമന്ത്രി എത്രയും പെട്ടെന്ന് ആ കസേരയില്‍ നിന്നും ഇറങ്ങിപ്പോകണം. അല്ലെങ്കില്‍ പൊതു ജനങ്ങളോട് മാപ്പു പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com