കുട്ടികള്‍ നിന്നത് നല്ല തണലത്ത്; എന്നാലും ആവര്‍ത്തിക്കണമെന്നില്ല; ഗുണകരമായ കാര്യമല്ലെന്ന് മുഖ്യമന്ത്രി

കുട്ടികളെ ഒരു സ്‌കൂളില്‍ നിന്ന് ഒരു പ്രത്യേകസമയത്ത് ഇറക്കി നിര്‍ത്തുന്നത് ഒരു ഗുണകരമായ കാര്യമല്ല. അത് ആ നിലക്ക് ആവര്‍ത്തിക്കണമെന്നില്ല.
പിണറായി വിജയന്‍ കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
പിണറായി വിജയന്‍ കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

കല്‍പ്പറ്റ: നവകേരള സദസിന്റെ ഭാഗമായി കുട്ടികളെ അണിനിരത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളെ ഒരു സ്‌കൂളില്‍ നിന്ന് ഒരു പ്രത്യേകസമയത്ത് ഇറക്കി നിര്‍ത്തുന്നത് ഒരു ഗുണകരമായ കാര്യമല്ല. അത് ആ നിലക്ക് ആവര്‍ത്തിക്കണമെന്നില്ലെന്നും മുഖ്യമന്ത്രി കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

'പാനൂരിനടുത്താണ് കുട്ടികള്‍ നിന്നത്. അവര്‍ പൊരിവെയിലത്തായിരുന്നില്ല, നല്ല തണലത്താണ്  നിന്നതും.  ആ കുട്ടികളെ ഞാന്‍ കണ്ടതാണ്. അവര്‍ വലിയ സന്തോഷത്തില്‍ കൈയൊക്കെ വീശി, ഞാനും അവരോട് കൈവീശി. കുട്ടികളെ ഒരു സ്‌കൂളില്‍ നിന്ന് ഒരു പ്രത്യേകസമയത്ത് ഇറക്കി നിര്‍ത്തുന്നത് ഒരു ഗുണകരമായ കാര്യമല്ല. അത് ആ നിലക്ക് ആവര്‍ത്തിക്കണമെന്നില്ല. അത് തന്നെയാണ് ഞങ്ങളുടെ സമീപനം'- മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സ് രണ്ടു ജില്ലകള്‍ പിന്നിട്ട് ഇന്ന് വയനാട്  ജില്ലയില്‍ പര്യടനം നടത്തുകയാണ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ചരിത്രം സൃഷ്ടിച്ച ജനപങ്കാളിത്തവും  സ്വീകാര്യതയും സമാനതകളില്ലാത്ത ബഹുജന മുന്നേറ്റം എന്ന നിലയിലേയ്ക്ക് നവകേരള സദസിനെ മാറ്റിയിരിക്കുന്നു. 140 നിയോജക മണ്ഡലങ്ങളിലെയും പര്യടനം ഡിസംബര്‍ 23  നു തിരുവനന്തപുരത്ത്  പൂര്‍ത്തിയാക്കുമ്പോള്‍  കേരളം കണ്ട ഏറ്റവും വലിയ ബഹുജനസംവാദ പരിപാടി എന്ന റെക്കോര്‍ഡിലേക്കാണ്  നവകേരള സദസ് ഉയരുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു 

16 മണ്ഡലങ്ങളിലാണ് ഇതുവരെ നവകേരള സദസ് ചേര്‍ന്നത്. ഇതില്‍ നാല് മണ്ഡലങ്ങളിലെ എംഎല്‍എ മാര്‍ പങ്കെടുത്തിരുന്നില്ല. രാഷ്ട്രീയ എതിര്‍പ്പുന്നയിച്ച്  എംഎല്‍എ മാര്‍ ബഹിഷ്‌കരിച്ച ആ നാല് മണ്ഡലങ്ങളിലുള്‍പ്പെടെ സംഘാടകസമിതികള്‍ പ്രതീക്ഷിച്ചതിന്റെ പലമടങ്ങ് ജനങ്ങളാണെത്തിയത്. ഒരു ബഹിഷ്‌കരണാഹ്വാനവും ഏശിയില്ല. എന്ന് മാത്രമല്ല, വലിയ തോതില്‍ അപവാദം പ്രചരിപ്പിച്ചവര്‍ അപഹാസ്യരാവുകയും ചെയ്തു. ബഹിഷ്‌കരണാഹ്വാനവും അടിസ്ഥാന രഹിതമായ പ്രചാരണങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് മഹാപ്രവാഹമായി ജനങ്ങള്‍ എത്തുമ്പോള്‍ മനക്കോട്ട തകര്‍ന്നതിന്റെ മനോവിഭ്രാന്തിയാണ് ചിലര്‍ക്ക്.    

നാടിന്റെയാകെ നന്മയ്ക്കുവേണ്ടി, കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തുന്ന പൊതുപരിപാടിയെ തകര്‍ക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടവരുടെ മനോനില നമുക്ക്  ഊഹിക്കാവുന്നതേയുള്ളൂ. പ്രതിപക്ഷനേതാവിന്റെ തുടര്‍ച്ചയായുള്ള പ്രതികരണങ്ങളുടെ സ്വഭാവം അത്തരമൊരു അവസ്ഥയാണ്  വ്യക്തമാക്കുന്നത്. എന്തുതരം ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നത്? എന്തൊക്കെ ആരോപണങ്ങളാണുന്നയിക്കുന്നത്? 'ഉദ്യോഗസ്ഥരെക്കൊണ്ട് കള്ളപ്പിരിവ് നടത്തിയാണോ' എന്നാണദ്ദേഹം ചോദിക്കുന്നത്. ഈ പരിപാടിയില്‍ എവിടെയാണ് കള്ളപ്പിരിവ്? അങ്ങനെ നേടിയ പണം? ജനങ്ങള്‍ പങ്കെടുക്കുന്നതിലെ അസഹിഷ്ന്നുതയാണ് കാണിക്കുന്നത്.
 
ഇത് ജനങ്ങളുടെ, നാടിന്റെ പരിപാടിയാണ്. ഇതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ ആരെങ്കിലും വിലക്കിയോ?  എംഎല്‍എ മാര്‍ പ്രതിപക്ഷത്താണോ ഭരണ പക്ഷത്താണോ എന്നത് നോക്കിയല്ല സര്‍ക്കാര്‍ നാടിന്റെ വികസനം സാധ്യമാക്കുന്നത്. എല്ലാ പ്രദേശങ്ങള്‍ക്കും തുല്യ പരിഗണയാണ്  സര്‍ക്കാര്‍ നല്‍കുന്നത്.   പിന്നെന്തിനാണ് ഈ ബഹിഷ്‌കരണവും ആക്രോശവും എന്ന് ജനങ്ങളോട് വിശദീകരിക്കണം. 

എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് പരാതികള്‍ തീര്‍പ്പാക്കുന്നില്ല എന്ന് പറയുന്നത്? കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ 16  കേന്ദ്രങ്ങളില്‍ നിന്നായി ലഭിച്ച നിവേദനകളുടെ എണ്ണം 42,862 ആണ്.  കണ്ണൂര്‍ ജില്ലയില്‍ 28,630. കാസര്‍കോട്ട് 14,232. ഇങ്ങനെ ലഭിക്കുന്ന നിവേദനങ്ങള്‍ പരിശോധിച്ച്  ഇടപെടല്‍ നടത്താനും പ്രശ്‌നപരിഹാരം ഉറപ്പാക്കാനുമുള്ള സംവിധാനം ഒരുക്കുന്നുണ്ട്.  എന്തുകൊണ്ടാണ്, തങ്ങളുടെ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ജനങ്ങള്‍ ഇങ്ങനെ മുന്നോട്ടു വരുന്നത്? അവ ശ്രദ്ധിക്കപ്പെടും; പരിഹരിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണെന്നും പിണറായി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com