'ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ സിപിഎമ്മില്‍ നിന്നും ഇടത് മുന്നണിയില്‍ നിന്നുമാകും'

അഖില്‍ സജീവിന്റെ സംരക്ഷകര്‍ ആരൊക്കെയാണ് എന്നത് കൂടി അന്വേഷിക്കണം.
വിഡി സതീശന്‍
വിഡി സതീശന്‍

കൊച്ചി: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള കോഴ ആരോപണം ഗൂഢാലോചനയാണെന്നും ചില വ്യക്തികളും മാധ്യമങ്ങളുമാണ് ഇതിന് പിന്നിലെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം പരിഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് പൊലീസ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് സിപിഎമ്മില്‍ നിന്നും ഇടത് മുന്നണിയില്‍ നിന്നുമാകുമെന്നും വിഡി സതീശന്‍ ആരോപിച്ചു.

പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലും മുന്നണിയിലുമൊക്കെ ഉള്‍പ്പെട്ടവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും മാധ്യമങ്ങളും അല്ല. മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന അഖില്‍ സജീവ് ആരാണ്? സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന ഇയാള്‍ നേരത്തെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ജില്ലയിലെ ഉത്തരവാദിത്തപ്പെട്ട സിപിഎം നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ക്ക് ഇപ്പോഴും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

അഖില്‍ സജീവിന്റെ സംരക്ഷകര്‍ ആരൊക്കെയാണ് എന്നത് കൂടി അന്വേഷിക്കണം. അപ്പോള്‍ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമാകും. യാഥാര്‍ത്ഥ്യങ്ങളൊക്കെ പൊതുസമൂഹത്തിന് മുന്നില്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രി പാര്‍ട്ടി അണികള്‍ക്ക് മുന്നില്‍ ഗൂഡാലോചന സിദ്ധാന്തം അവതരിപ്പിച്ചത്. യുക്തിരഹിതമായ കള്ളം പറഞ്ഞാലും കൈ അടിക്കുന്ന പാര്‍ട്ടി അണികളുടെ മനോനിലയല്ല ബഹുഭൂരിപക്ഷം വരുന്ന പൊതു സമൂഹത്തിന്റേതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ക്കണമെന്നും സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com