പത്തനംതിട്ട: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച നരബലി പുറംലോകം അറിഞ്ഞിട്ട് ഇന്ന് ഒരു വർഷം. പത്തനംതിട്ട ഇലന്തൂരിൽ വച്ചായിരുന്നു ക്രൂരകൊലപാതകം. മുഹമ്മദ് ഷാഫി എന്ന കൊടും കുറ്റവാളിയുടെ മോഹനവാഗ്ദാനത്തിൽ വീണ് ഭഗവത് സിങ്ങും ഭാര്യ ലൈലയും രണ്ട് സ്ത്രീകളെയാണ് കൊലനടത്തിയത്. ഭഗവൽസിങ്ങിന്റെ വീടിന്റെ പരിസരത്തുനിന്നു നരബലിക്ക് ഇരയായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും 2022 ഒക്ടോബർ 11നായിരുന്നു.
സാമ്പത്തിക അഭിവൃദ്ധിനേടാൻ നരബലി നടത്തിയാൽ മതിയെന്ന് ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട ഭഗവൽസിങ്ങിനെയും ലൈലയും വിശ്വസിപ്പിച്ചത് മുഹമ്മദ് ഷാഫിയാണ്. ക്രൂരതയിലൂടെ ആനന്ദം കണ്ടെത്താനും മറ്റുള്ളവരുടെ അന്ധവിശ്വാസം മുതലെടുത്ത് പണം സമ്പാദിക്കാനുമുള്ള ഷാഫിയുടെ താൽപ്പര്യമാണ് കൊലയ്ക്ക് കാരണമായത് എന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്.
ലോട്ടറി വിൽപനക്കാരായ കാലടി സ്വദേശി റോസ്‌ലി(49), തമിഴ്നാട് സ്വദേശി പത്മം(52) എന്നിവരാണ് കൊലചെയ്യപ്പെട്ടത്. ഇരട്ട നരബലിയിൽ ആദ്യ കൊലപാതകമായിരുന്നു റോസ്‍ലിയുടെത്. രണ്ടാമത്തെത് തമിഴ് സ്ത്രീയായ പത്മയുടെതാണ്. ആദ്യ നരബലി ഫലം കണ്ടില്ലെന്നു പറഞ്ഞാണ് രണ്ടാമത്തെ കൊല നടത്തിയത്. സ്ത്രീകളെ കൈകാലുകൾ കെട്ടിയിട്ട് പൈശാചികമായാണ് കൊലപ്പെടുത്തിയത്. കഷ്ണങ്ങളാക്കി പറമ്പിൽ കുഴിച്ചുമൂടുകയും ചെയ്തു. കൂടാതെ ഇവരുടെ മാംസവും പ്രതികൾ ഭക്ഷിച്ചു.
പത്മയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയാണ് നരബലിയെ കുറിച്ച് പുറംലോകം അറിയാനിടയാക്കിയത്. കാണാതായ പത്മത്തെത്തേടിയുള്ള അന്വേഷണത്തിൽ പത്മം കയറിയ വാഹനം കണ്ടെത്താനുള്ള ശ്രമമാണു കൊച്ചി കടവന്ത്ര പൊലീസിനെ ഇലന്തൂരിലെത്തിച്ചത്. ഭഗവൽസിങ്ങിന്റെ തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ ഈ വാഹനം പതിഞ്ഞിരുന്നു.
നിലവിൽ മുഹമ്മദ് ഷാഫിയും ഭഗവൽസിങ്ങും ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. ലൈല കാക്കനാട്ടെ ജയിലിലും. കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ല. കൊലപാതകം ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, മോഷണം, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നരബലി നടന്ന ഇലന്തൂരിലെ വീട് കാണാൻ നിരവധി പേരാണ് എത്തുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
