'ആര്‍എസ്എസ് പിണറായിയുടെ തലയ്ക്ക് വിലയിട്ടത് പത്തുകോടി രൂപ; അങ്ങനെ ഒരനുഭവവും കോൺ​ഗ്രസ് നേതാക്കൾക്കില്ലല്ലോ?'

മാസപ്പടി വിവാദത്തില്‍ വീണക്കെതിരായ ആരോപണത്തില്‍ മാത്യു കുഴല്‍നാടന്‍ മാപ്പുപറയണമെന്ന് എകെ ബാലൻ ആവശ്യപ്പെട്ടു
എകെ ബാലൻ മാധ്യമങ്ങളെ കാണുന്നു/ ടിവി ദൃശ്യം
എകെ ബാലൻ മാധ്യമങ്ങളെ കാണുന്നു/ ടിവി ദൃശ്യം

തിരുവനന്തപുരം:  ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രചാരണമെന്ന് സിപിഎം നേതാവ് എകെ ബാലന്‍. പിണറായി വിജയന്‍ ആര്‍എസ്എസിന്റെ ആളാണെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം നടത്തിയത്. 

ആര്‍എസ്എസിന്റെ നേതാക്കള്‍ പത്തുകോടി രൂപയാണ് പിണറായി വിജയന്റെ തലയ്ക്ക് വില പറഞ്ഞത്. അങ്ങനെയുള്ള ഒരനുഭവവും കോണ്‍ഗ്രസിന്റെ ഒരു നേതാക്കള്‍ക്കുമില്ലല്ലോ. കേരളത്തിലെ ആര്‍എസ്എസിനെയും സംഘപരിവാറിനെയും നേരിടുന്നതില്‍ സിപിഎമ്മും പിണറായി വിജയനും എടുത്ത നിലപാട് സമൂഹത്തിനും കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ക്കും അറിയാവുന്നതാണ്. 

മുഖ്യമന്ത്രിക്ക് മതന്യൂനപക്ഷങ്ങളിലുള്ള പ്രതിച്ഛായ ഇല്ലാതാക്കാനാണ് ശ്രമം നടത്തിയത്. ഇതിന് ദൃശ്യമാധ്യമവേദികളെല്ലാം ഉപയോഗിക്കുന്നു. പച്ച നുണയാണിത്. ഇതു നല്‍കുന്നതിന് മുമ്പ് ഒന്ന് അന്വേഷിക്കേണ്ടേയെന്നും എകെ ബാലന്‍ മാധ്യമങ്ങളോട് ചോദിച്ചു. വീണ കൈക്കൂലി വാങ്ങിയെന്നാണ് നേരത്തെ ആരോപിച്ചിരുന്നത്. 

പേഴ്‌സണല്‍ സ്റ്റാഫ് എന്നു പറയുന്നയാള്‍ വീണയുടെ ബന്ധുവാണ് എന്നുള്ള പച്ചനുണയായിരുന്നു കുറേക്കാലം. ഇത്തരത്തിലുള്ള നുണപ്രചാരണങ്ങള്‍ ദിവസേന അഴിച്ചു വിട്ടാലും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ, അതിനു നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഒരു രൂപത്തിലുമുള്ള പോറല്‍ ഏല്‍ക്കാന്‍ പോകുന്നില്ല. 

'മാത്യു കുഴല്‍നാടന്‍ മാപ്പുപറയണം'

മാസപ്പടി വിവാദത്തില്‍ വീണക്കെതിരായ ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ മാപ്പുപറയുമെന്നാണ് വിശ്വസിക്കുന്നത്. അത് അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടും. വീണ ഐജിഎസ്ടി അടച്ച കാര്യം താന്‍ നേരത്തെ തന്നെ പറഞ്ഞതാണ്. അപ്പോഴാണ് അയാള്‍ ഔപചാരികമായി കത്തു കൊടുത്തത്. 

വീണ നികുതി അടച്ചതായി ജിഎസ്ടി വകുപ്പ് വ്യക്തമാക്കിയ സ്ഥിതിക്ക് മാത്യു കുഴല്‍നാടന്‍ ഇനി മാപ്പുപറയുകയാണ് വേണ്ടത്. നുണക്കച്ചവടത്തിന്റെ ഹോള്‍സെയില്‍ ഏജന്റ് ആകുകയാണ് യുഡിഎഫും കോണ്‍ഗ്രസും. എന്തൊരു ഗതികേടാണ് കേരളത്തിനെന്നും എകെ ബാലന്‍ അഭിപ്രായപ്പെട്ടു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com