'മുഖ്യമന്ത്രി നുണയന്‍, കൊച്ചിയില്‍ ബോംബ് പൊട്ടിയപ്പോള്‍ പിണറായി ഡല്‍ഹിയില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു'

ഹമാസിനെ ന്യായീകരിച്ചുകൊണ്ടാണ് സിപിഎം എംഎല്‍എയായ സ്വരാജും ലീഗ് നേതാവായ എംകെ മുനീറും സംസാരിക്കുന്നത്
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

കൊച്ചി: കേരളത്തില്‍ തീവ്രവാദ ഗ്രൂപ്പുകളോട് മൃദുസമീപനമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസും ഇടതുപക്ഷവും മതമൗലികവാദികളെ പ്രീണിപ്പിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ച ശേഷം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ വിഷം വമിക്കുന്ന വര്‍ഗീയവാദി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമര്‍ശിച്ചത്. താന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ല. ഭീകരവാദികളായ ഹമാസിനെയാണ് താന്‍ കഴിഞ്ഞ ദിവസത്തെ പ്രതികരണത്തില്‍ പരാമര്‍ശിച്ചത്. ഹമാസിനെയും മുസ്ലിംകളെയും സമീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഹമാസിന്റെ നേതാവ് കേരളത്തിലെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തതില്‍ മുഖ്യമന്ത്രിക്കു പ്രതികരണമില്ല. ഹമാസിനെ ന്യായീകരിച്ചുകൊണ്ടാണ് സിപിഎം എംഎല്‍എയായ സ്വരാജും ലീഗ് നേതാവായ എംകെ മുനീറും സംസാരിക്കുന്നത്. ഇതിനെതിരെ സംസാരിക്കുന്നവരെ വര്‍ഗീയവാദികളാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പരാജയം മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി തന്നെ വര്‍ഗീയവാദി എന്നു വിളിക്കുന്നത്. തന്നെ വര്‍ഗീയവാദി എന്നു വിളിക്കാന്‍ മുഖ്യമന്ത്രിക്ക് എന്തു ധാര്‍മിക അധികാരമാണുള്ളത്? താനോ ബിജെപിയോ ഒരു സമൂദായത്തെയും കുറ്റപ്പെടുത്തിയിട്ടില്ല. ഹമാസിന്റെ നേതാവിനെ യോഗത്തില്‍ പങ്കെടുപ്പിക്കുന്ന നാട്ടില്‍ ഇത്തരം സംഭവങ്ങളുണ്ടാവും എന്നാണ് താന്‍ പറഞ്ഞത്. തീവ്രവാദം കൂടുമ്പോള്‍ കേരളം കണ്ടില്ലെന്നു നടിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കഴിവുകേട് മറച്ചുവയ്ക്കാന്‍ നുണ പറയുകയാണ് മുഖ്യമന്ത്രി. അഴിമതി മറയ്ക്കാന്‍ ദുരാരോപണം നടത്തുന്നു. കൊച്ചിയില്‍ ബോംബ് പൊട്ടുമ്പോള്‍ പിണറായി ഡല്‍ഹിയില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു. ജനങ്ങളെ സംരക്ഷിക്കാനാവുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയുകയാണ് വേണ്ടതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com