"മതവിശ്വാസം ടൂത്ത് ബ്രഷ് പോലെ, അത് സ്വകാര്യമാണ്; അടിച്ചേല്‍പ്പിക്കുമ്പോള്‍ അസഭ്യം": ജെ നന്ദകുമാര്‍

ഗണപതിഭക്തരാരും അന്യദൈവങ്ങളിൽ വിശ്വസിക്കുന്നവർ നരകത്തിൽ പോകുമെന്ന് പറയുന്നത് കണ്ടിട്ടില്ല
ജെ നന്ദകുമാര്‍ / ഫോട്ടോ: ടിപി സൂരജ്
ജെ നന്ദകുമാര്‍ / ഫോട്ടോ: ടിപി സൂരജ്

കൊച്ചി: എന്റെ മതം മാത്രമാണ് ശരി, അത് പാലിക്കാത്തവര്‍ നരകം അനുഭവിക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതാണ് മിത്തെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍. ഗണപതിഭക്തരാരും അന്യദൈവങ്ങളില്‍ വിശ്വസിക്കുന്നവര്‍ നരകത്തില്‍ പോകുമെന്ന് പറയുന്നത് കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗണപതിയെക്കുറിച്ച് സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വിവാദ പ്രസ്താവനയെക്കുറിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
"തന്റെ വിശ്വാസങ്ങള്‍ ഒരിക്കലും ശാസ്ത്രത്തെ അറിയാന്‍ തടസ്സമായിട്ടില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് തന്നെ പറഞ്ഞു. ആരെങ്കിലും തന്റെ മതം മാത്രമാണ് ശരിയെന്നും അത് പാലിക്കാത്തവര്‍ നരകം അനുഭവിക്കുമെന്നും പറഞ്ഞാല്‍ അതാണ് മിത്ത്. ഗണപതിഭക്തരാരും അന്യദൈവങ്ങളില്‍ വിശ്വസിക്കുന്നവര്‍ നരകത്തില്‍ പോകുമെന്ന് പറയുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്റെ ഇടം എന്റെ ഇഷ്ടം എന്നൊക്കെ പറയുന്നവര്‍ തന്നെയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അന്ധവിശ്വാസികളാണെന്ന് ആരോപിക്കുന്നത്. ചിലര്‍ ചന്ദ്രയാന്‍ 3 പരാജയപ്പെടണം എന്നുവരെ ആഗ്രഹിച്ചു", നന്ദകുമാര്‍ പറഞ്ഞു. 

"ഞങ്ങളുടെ അഭിപ്രായത്തില്‍ മതവിശ്വാസം ടൂത്ത് ബ്രഷ് പോലെ സ്വകാര്യമാണ്. പക്ഷെ മറ്റൊരാള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അത് അസഭ്യമാകും. വിശ്വാസങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണം". ഐഎസ്ആര്‍ഒ ചെയര്‍മാന് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ അവകാശമില്ലെന്നൊക്കെ പറയുന്നത് കാപട്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഹിന്ദുത്വമാണ് ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വമെന്ന് നിരന്തരം വാദിക്കുന്നത് ആര്‍എസ്എസ് മാത്രമാണെന്ന്  നന്ദകുമാര്‍ പറയുന്നു. "ഇടതുപക്ഷം പോലും ഇക്കാലത്ത് ഹിന്ദു ആഘോഷങ്ങളില്‍ മുഴുകുന്നുണ്ട്. കന്യാകുമാരിയില്‍ വിവേകാനന്ദ സ്മാരകം പണിയുമ്പോള്‍ വിവേകാനന്ദന്‍ അന്ധവിശ്വാസത്തിന്റെ പ്രതിനിധിയാണെന്നാരോപിച്ച് അന്നത്തെ കേരള മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് അതിന് സംഭാവന നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ഇപ്പോഴിതാ വിവേകാനന്ദനെ സിപിഎം അംഗീകരിച്ചിരിക്കുന്നു. കൂടാതെ, ഡിവൈഎഫ്‌ഐ ഇപ്പോള്‍ രക്ഷാബന്ധനും ആഘോഷിക്കാന്‍ തുടങ്ങിയിരിക്കുന്നു", അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com