കേട്ടുകേള്‍വിയില്ലാത്ത നീചമായ ഗൂഢാലോചന; ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ കണക്കുപറയേണ്ടിവരും: വിഡി സതീശന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th September 2023 04:58 PM |
Last Updated: 10th September 2023 04:58 PM | A+A A- |

വിഡി സതീശന്‍
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢലോചന നടത്തിയെന്ന സിബിഐയുടെ അന്തിമ റിപ്പോര്‍ട്ട് ഒറ്റുകാര്‍ക്കും ചതിച്ചവര്‍ക്കുമുള്ള മറുപടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്ത് ഹീനകൃത്യവും ചെയ്യാന്‍ മടിക്കാത്തവരാണ് സിപിഎമ്മും അവര്‍ നേതൃത്വം നല്‍കുന്ന മുന്നണിയും. സിബിഐ റിപ്പോര്‍ട്ട് അതിന് അടിവരയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിലും മരണശേഷവും ക്രൂരമായി വേട്ടയാടപ്പെട്ട വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയതും വേട്ടയാടിയതും ആരാണോ അവര്‍ കണക്ക് പറയേണ്ടി വരും.
സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി സിപിഎമ്മിന്റെ ആശിര്‍വാദത്തോടെ നടന്നതാണ് നീചമായ ഈ ഗൂഢാലോചന. തട്ടിപ്പ് കേസിലെ പ്രതിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സിബിഐ അന്വേഷത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിക്കും ഗൂഢാലോചനയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ല.
ഇത്രയും നീചവും തരംതാണതുമായ ഗൂഢാലോചന കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് സിബിഐ റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
ഉമ്മന്‍ ചാണ്ടി ഇനിയും ജനഹൃദയങ്ങളില്‍ ജീവിക്കും. വേട്ടയാടിയവര്‍ ജനങ്ങളാല്‍ വെറുക്കപ്പെടും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്ന് ഓര്‍ക്കണം.-അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ 'പരാതിക്കാരി എന്നെക്കാണാന്‍ വന്നത് പിണറായി പറഞ്ഞിട്ട്; ഗൂഢാലോചനയില്‍ പങ്കാളിയാക്കാന്‍ ശ്രമിച്ചു'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ