18പേരുടെ ജീവനെടുത്ത നിപയുടെ ആദ്യ വരവ്; ഓര്‍മ്മയില്‍ 2018, അതീവ ജാഗ്രതയോടെ കേരളം

നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ചതോടെ, സംസ്ഥാനം അതീവ ജാഗ്രതയിലേക്ക് നീങ്ങുകയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ചതോടെ, സംസ്ഥാനം അതീവ ജാഗ്രതയിലേക്ക് നീങ്ങുകയാണ്. ഉള്‍ക്കിടിലത്തോടെയല്ലാതെ 2018ലെ ആദ്യ നിപ കാലം മലയാളികള്‍ക്ക് ഓര്‍ക്കാന്‍ കഴിയില്ല. കോവിഡ് കാലത്തിനും മുന്‍പ്, അടച്ചിടലും സമ്പര്‍ക്ക പട്ടികയുണ്ടാക്കലും കണ്ട് കേരളം തരിച്ചുനിന്ന ദിവസങ്ങള്‍. ഒറ്റപ്പെട്ടുപോയ കോഴിക്കോട്... മഹാമാരിയോട് പോരാടി മരണത്തിന് കീഴടങ്ങിയ സിസ്റ്റര്‍ ലിനി... 

2018 മെയിലാണ് കേരളത്തില്‍ ആദ്യമായി നപ സ്ഥിരീകരിച്ചത്. 18 പേരുടെ ജീവന്‍ വൈറസ് ബാധയില്‍ പൊലിഞ്ഞു.കോഴിക്കോട്ടും മലപ്പുറത്തുമായിരുന്നു അന്ന് നിപ പ്രധാനമായും ബാധിച്ചത്. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സാബിത്ത് മെയ് അഞ്ചിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍വെച്ച് മരിച്ചു. പനി ബാധിച്ചെത്തിയ സാബിത്ത് തലച്ചോറില്‍ അണുബാധയുണ്ടായാണ് മരിച്ചത്. മെയ് 18ന് സാബിത്തിന്റെ സഹോദരന്‍ സ്വാലിഹിനും സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ പിതാവും ബന്ധുവും രോഗബാധിതരായതോടെ നിപ സംശയമുയര്‍ന്നു.

മണിപ്പാലിലും പിന്നീട് പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലും നിപയാണെന്ന് സ്ഥിരീകരിച്ചതോടെ കേരളം ആരോഗ്യ ജാഗ്രതയിലായി. ആരോഗ്യവകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും അത്യധികം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി ചടുലമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിയതോടെ ജൂലൈ ഒന്നിന് കേരളം നിപ വിമുക്തമായി പ്രഖ്യാപിച്ചു. അപ്പോഴേക്കും 18 ജീവനുകള്‍ വൈറസ് കവര്‍ന്നിരുന്നു. 

സാബിത്തിനെ ചികിത്സയ്ക്കായെത്തിച്ചപ്പോള്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും വെച്ചാണ് വൈറസ് പടര്‍ന്നത്. പേരാമ്പ്ര ആശുപത്രിയിലെ സിസ്റ്റര്‍ ലിനിയുടെ മരണം കേരളത്തെ പിടിച്ചുലച്ചു. അപ്പോഴും വൈറസ് ബാധിച്ച മെഡിക്കല്‍ കോളേജിലെ നഴ്സ് ഉള്‍പ്പെടെ രണ്ടുപേര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഒരു വര്‍ഷത്തിനുശേഷം എറണാകുളത്ത് വിദ്യാര്‍ഥിക്ക് നിപ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞു. പക്ഷേ, 2021ല്‍ വീണ്ടും വൈറസ് വില്ലനായെത്തി. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ 12കാരന്റെ ജീവനെടുത്തു.

എന്താണ് നിപ വൈറസ്?

ഹെനിപാ വൈറസ് ജീനസിലെ ഒരു പുതിയ അംഗം, മലേഷ്യയിലെ Kampung Baru Sungai Nipah എന്ന സ്ഥലത്ത് നിന്ന് ആദ്യം വേർതിരിച്ചെടുത്തതുകൊണ്ട് അതേ പേരാണ് വൈറസിന് ഇട്ടത് - നിപ വൈറസ്. പാരാമിക്സോവൈറിഡേ ഫാമിലിയിലെ അംഗമായ നിപ ആർഎൻഎ വൈറസ് ആണ്. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം.‌

ഇൻകുബേഷൻ പീരിയഡ്

അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. 

 പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

പ്രതിരോധമാണ് പ്രധാനം

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. രോഗം പകരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ നോക്കാം...

 • വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിൽ ഉള്ളിലെത്തിയാൽ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. 

 • വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങൾ ഒഴിവാക്കുക. 

 • രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കം ഉണ്ടായാൽ ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക. 

 • രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.

 • രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക. വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

 • രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോളും, പരിശോധിക്കുമ്പോളും, മറ്റു ഇടപഴകലുകൾ നടത്തുമ്പോളും കയ്യുറകളും, മാസ്‌കും ധരിക്കുക.

 • സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും എടുക്കുക. 

മരിച്ച വ്യക്തിയിൽ നിന്ന് രോഗം പടരാതിരിക്കാൻ

 • മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. 

 • മുഖത്തു ചുംബിക്കുക, കവിളിൽ തൊടുക എന്നിങ്ങനെയുള്ള സ്നേഹപ്രകടനങ്ങൾ ഒഴിവാക്കണം.

 • മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറക്കുക.

 • മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികൾ ദേഹം മുഴുവൻ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.

 • മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങൾ സോപ്പോ ഡിറ്റർജന്റോ ഉപയോഗിച്ചു കഴുകേണ്ടതാണ്. 

 • കിടക്ക, തലയിണ എന്നിവ പോലെയുള്ളവ സൂര്യപ്രകാശത്തിൽ കുറച്ചധികം ദിവസം ഉണക്കേണ്ടതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ കോഴിക്കോട് നിപ സ്ഥിരീകരിച്ചു; മരിച്ച രണ്ടുപേര്‍ക്ക് രോഗമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com