നിര്‍മാല്യം പോലുള്ള സിനിമകള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ല; ദേശീയതലത്തില്‍ കേരളത്തെ കരിവാരി തേയ്ക്കാന്‍ സിനിമയെ ഉപയോഗിക്കുന്നു: മുഖ്യമന്ത്രി

സിനിമ നാടിനെയും കാലഘട്ടത്തിനെയും മുന്നോട്ട് നയിക്കുന്നതാണ്. എംടിയുടെ 'നിര്‍മാല്യം' പോലുള്ള സിനിമകള്‍ അത്തരത്തിലുള്ളതാണ്
ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

തിരുവനന്തപുരം: മനുഷ്യനന്മയ്ക്കുള്ള ആശയങ്ങള്‍ക്ക് വേണ്ടിയാണ് സിനിമ എന്ന മാധ്യമം ഉപയോഗിക്കേണ്ടതെന്നും എന്നാല്‍, ദേശീയ തലത്തില്‍ തിന്മ പ്രചരിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സിനിമ നാടിനെയും കാലഘട്ടത്തിനെയും മുന്നോട്ട് നയിക്കുന്നതാണ്. എംടിയുടെ 'നിര്‍മാല്യം' പോലുള്ള സിനിമകള്‍ അത്തരത്തിലുള്ളതാണ്. എന്നാല്‍, അതുപോലുള്ള സിനിമകള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ല. സിനിമ ദുരുപയോഗം ചെയ്യുന്ന കാലത്താണ് ജീവിക്കുന്നത്. ഇക്കാലത്ത് പോയകാലത്തെ ജീര്‍ണതകളെ കൊണ്ടുവരാന്‍ ദേശീയ തലത്തില്‍ സിനിമ ഉപയോഗിക്കുന്നു. ജാതീയത, ഫ്യൂഡല്‍ വ്യവസ്ഥ, ചാതുര്‍വര്‍ണ്യം എന്നിവയെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നു. സ്ത്രീത്വത്തിന്റെ മുന്നേറ്റത്തെ അടിച്ചമര്‍ത്തി ആണധികാരത്തെ ഊട്ടിയുറപ്പിക്കുന്ന സിനിമകള്‍ വരുന്നു. നവോഥാന മൂല്യങ്ങളെ തല്ലിക്കെടുത്തുന്നതിനോട് സഹകരിക്കാന്‍ ജനമനസ്സുകളെ പാകപ്പെടുത്താനുള്ള ശ്രമം നടത്തുന്നു.

ഈ ഇരുട്ടിന്റെ നടുക്കല്‍ വെളിച്ചമായി നില്‍ക്കുകയാണ് കൊച്ചുകേരളം. സമത്വത്തിന്റെ, സാഹോദര്യത്തിന്റെ, മതനിരപേക്ഷതയുടെ കേരളം. കേരളത്തിന്റെ കഥ എന്ന് പറഞ്ഞ് ഒരു സിനിമ പ്രചരിപ്പിച്ചു. കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍, ലൗ ജിഹാദിന്റെ നാടാണ് ഇതെന്നു വരുത്തി തീര്‍ക്കാനും ലോകത്തിന് മുന്നില്‍ കരിവാരി തേക്കാനുള്ള ശ്രമം. വിഷപ്രചാരണത്തിനായുള്ള ആയുധമായി സിനിമയെ ഉപയോഗിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവല്ല. കേരളത്തിന്റെ മികച്ച പ്രതിച്ഛായയെ ലോകമൊട്ടാകെയെത്തിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ മുന്നോട്ടുവരണം- മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ചേര്‍ന്നാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. സംവിധായകന്‍ ടിവി ചന്ദ്രനെ സമഗ്ര സംഭാവനയ്ക്കുള്ള ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ എന്നിവരും മറ്റു പുരസ്‌കാര ജേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയ്ക്ക് വേണ്ടി നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഏറ്റുവാങ്ങിയത്.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജിആര്‍ അനില്‍ അനുമോദന പ്രഭാഷണം നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com