

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. കണ്ടെയിന്‍മെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകള്‍ കര്‍ശനമായി വിലക്കി. കണ്ടെയിന്‍മെന്റ് സോണിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കാനും നിര്‍ദേശം.
ബീച്ചുകളിലും പാര്‍ക്കുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഷോപ്പിങ് മാളുകളില്‍ പോകുന്നതിനും നിയന്ത്രണം. ജില്ലയില്‍ കള്ള് ചെത്തുന്നതും വില്‍ക്കുന്നതും നിര്‍ത്തിവച്ചു. പൊതുപരിപാടികള്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമാകും. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ഒരു കൂട്ടിരിപ്പുകാരന് മാത്രമാകും ആശുപത്രികളില്‍ അനുമതി. പൊതുയോഗങ്ങള്‍, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതുപരിപാടികള്‍ എന്നിവ മാറ്റിവയ്ക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം നിപ പ്രതിരോധത്തോടനുബന്ധിച്ച് സര്‍വ്വകക്ഷിയോഗം വെള്ളിയാഴ്ച നടക്കും. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ രാവിലെ 11നാണ് യോഗം. രോഗബാധിത ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുക്കും.
നിര്‍ദേശങ്ങള്‍
ഒരു തരത്തിലുള്ള കൂടിച്ചേരലുകള്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ അനുവദിക്കില്ല. യോഗങ്ങള്‍, പൊതുപരിപാടികള്‍ എന്നിവ അനുവദിക്കില്ല.
ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. രോഗികള്‍ക്കൊപ്പം ഒരു കൂട്ടിരിപ്പുകാരന്‍ മാത്രം.
കള്ള് ചെത്തുന്നതും വില്‍ക്കുന്നതും നിര്‍ത്തിവെക്കണം.
കണ്ടെയിന്‍മെന്റ് സോണിലെ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് മേലധികാരികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഒരുക്കണം. കണ്ടെയിന്‍മെന്റ് സോണില്‍ താമസിക്കുന്നവര്‍ക്കും മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുമാകും വര്‍ക്ക് ഫ്രം ഹോമിന് അര്‍ഹത.
പ്രദേശങ്ങളില്‍ നിയന്ത്രിതമായ രീതിയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉപയോഗിക്കാം. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍നിന്ന് ലഭ്യമാക്കും. ഇതിനായി സന്നദ്ധ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട പഞ്ചായത്ത് കൈമാറണം.
പ്രദേശത്തെ പൊതുപാര്‍ക്കുകള്‍, ബീച്ചുകളില്‍ എന്നിവടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.
മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണവും. ബോധവത്കരണവും ശക്തമാക്കണം. പന്നി ഫാമുകള്‍, വവ്വാലുകള്‍ താവളമാക്കുന്ന കെട്ടിടങ്ങള്‍, പ്രദേശങ്ങള്‍ എന്നിവ കര്‍ശനമായി പരിശോധിക്കണം.
വാവ്വലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നതും വളര്‍ത്തുമൃഗങ്ങളെ മേയാന്‍ വിടുന്നതും കര്‍ശനമായി തടയണം.
പന്നി വളര്‍ത്തുകേന്ദ്രങ്ങളില്‍ പന്നികള്‍ക്ക് രേഗ ലക്ഷണങ്ങള്‍ കാണുകയോ, അസാധാരണമായി മരണ നിരക്ക് ഉയരുകയോ ചെയ്താല്‍ അടുത്തുള്ള മൃഗാശുപത്രികളില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണം.
വവ്വാലുകളും, പന്നികളും ഉള്‍പ്പെടെയുള്ള വന്യ ജീവികളുടെ ജഡം ഒരു കാരണവശാലും സ്പര്‍ശിക്കാന്‍ പാടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates