

തിരുവനന്തപുരം: അപകടത്തില്‍ പരുക്കേറ്റ തന്നെ ആശുപത്രിയില്‍ എത്തിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങളെ വിമര്‍ശിച്ച നടന്‍ ജോയ് മാത്യുവിനു മറുപടിയുമായി ഡിവൈഎഫ്‌ഐ. താങ്കളെ ആശുപത്രിയിലെത്തിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് സംസ്ഥാന - പ്രാദേശിക നേതൃത്വമോ, ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും നേതാവോ പ്രവര്‍ത്തകനോ അവകാശപ്പെട്ടോയെന്നും ഉണ്ടെങ്കില്‍ അതു പൊതുസമൂഹത്തിന് മുന്നില്‍ നല്‍കാവുന്നതാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വികെ സനോജ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
സനോജിന്റെ കുറിപ്പ്
ജോയ് മാത്യുവിന് ഒരു തുറന്ന കത്ത്.
മിസ്റ്റര്‍ ജോയ് മാത്യു,
വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന താങ്കളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. എത്രയും പെട്ടെന്ന് പൂര്‍ണ്ണ ആരോഗ്യവാനായി താങ്കളുടെ കര്‍മ്മ മണ്ഡലത്തില്‍ തിരികെ എത്താന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.
അപകടത്തില്‍പെട്ട താങ്കളെ ആശുപത്രിയിലെത്തിച്ച വിഷയവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയെ പരിഹസിച്ചും അധിക്ഷേപിച്ചും കൊണ്ടുള്ള താങ്കളുടെ കുറിപ്പ് മാധ്യമങ്ങള്‍ വഴി കാണുകയുണ്ടായി. ആദ്യം തന്നെ പറയട്ടെ, അപകട സ്ഥലത്ത് നിന്ന് താങ്കളെ ആശുപത്രിയിലെത്തിച്ച മനുഷ്യന്‍ ആരായാലും അയാളിലെ ഉദാത്തമായ മാനവിക മൂല്യത്തെ ഡി.വൈ.എഫ്.ഐ. ആദരിക്കുന്നു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി താങ്കളെ ബാധിച്ച ഇടതു വിരുദ്ധത സമൂഹത്തിന് ഒരു പുതിയ അറിവല്ല. ഇടതുപക്ഷ ഗവണ്മെന്റ് അധികാരത്തില്‍ വന്ന കാലത്ത് ആ ഗവണ്മെന്റിനേയും പാര്‍ട്ടിയേയും പുരോഗമന പ്രസ്ഥാനങ്ങളേയും പ്രകീര്‍ത്തിച്ച് സംസാരിച്ച നിങ്ങള്‍ ഇപ്പോള്‍ മോദിയേയും രാഹുല്‍ ഗാന്ധിയേയും തരം പോലെ പുകഴ്ത്തുകയും, ഇടതു പുരോഗമന പ്രസ്ഥാനങ്ങളെ ഇകഴ്ത്തി സംസാരിക്കുകയും ചെയ്യുന്നത് ആഗ്രഹിച്ച ഏതെങ്കിലും കാര്യം നടക്കാത്തതിലുള്ള ഇച്ഛാഭംഗമാണോ എന്നറിയില്ല. ഏതായാലും വിഷയം അതല്ല.
താങ്കളെ ആശുപത്രിയിലെത്തിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് പ്രചരണം നടക്കുന്നുണ്ട് എന്നാണ് താങ്കള്‍ ആരോപിക്കുന്നത്. ആരാണ് അങ്ങനെ പ്രചാരണം നടത്തുന്നത്? ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന- പ്രാദേശിക നേതൃത്വമോ, ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും നേതാവോ പ്രവര്‍ത്തകനോ അങ്ങനെ അവകാശപ്പെട്ടോ? ഉണ്ടെങ്കില്‍ താങ്കള്‍ക്ക് അത് പൊതുസമൂഹത്തിന് മുന്നില്‍ നല്‍കാവുന്നതാണ്.
ഇടതു വിരുദ്ധ മെറ്റീരിയലുകള്‍ സര്‍ക്കാസം പോലെ ഉല്‍പ്പാദിപ്പിക്കുന്ന ഏതെങ്കിലും വ്യാജ ഐഡിയില്‍ നിന്ന് വന്ന പോസ്റ്റുകളെക്കുറിച്ചല്ല പറയുന്നത്. താങ്കളുടെ പുതിയ കൂടാരത്തിലെ ഐ.ടി.സെല്‍ പ്രൊഡക്ട്റ്റുകളെക്കുറിച്ചുമല്ല. താങ്കളുടെ ആരോപണം സാധൂകരിക്കുവാന്‍ ജോയ് മാത്യുവിനെ ആശുപത്രിയിലെത്തിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആണെന്ന് ഡി.വൈ.എഫ്.ഐയുടെ ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തകര്‍ എവിടെയെങ്കിലും പറഞ്ഞോ എന്ന് താങ്കള്‍ വ്യക്തമാക്കണം.
ഡി.വൈ.എഫ്.ഐ.യുടെ ഹൃദയ പൂര്‍വ്വം പദ്ധതിയിലെ പൊതിച്ചോറിനെ പരിഹസിച്ചു കൊണ്ട് താങ്കള്‍ പറഞ്ഞത് 'ഒരു കൈയ്യില്‍ പൊതിച്ചോറും മറുകൈയ്യില്‍ കഠാരയുമായി നടക്കുന്ന കൂട്ടര്‍ ' എന്നാണ്. ഇതിന് മുന്‍പ് ഹൃദയ പൂര്‍വ്വം പദ്ധതിയെ പരിഹസിച്ചു പറഞ്ഞു കണ്ടത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. അവരുടെ കൂടാരത്തിലെ നിരന്തര സമ്പര്‍ക്കം കൊണ്ട് കൂടിയാവണം നിങ്ങള്‍ക്കും അതേ പദ്ധതിയോട് ഇപ്പോള്‍ പരിഹാസം.
കേരളത്തിന്റെയെന്നല്ല രാജ്യത്തിന്റെ ചരിത്രത്തില്‍ പോലും ഏതെങ്കിലും യുവജന സംഘടന ഇതുപോലൊരു പരിപാടി ഇത്രയും കാലം തുടര്‍ച്ചയായി നടത്തി വിജയിപ്പിച്ചിട്ടില്ല. കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളില്‍ നിന്ന് നല്ലവരായ അനേകം മനുഷ്യര്‍ കക്ഷി രാഷ്ട്രീയ - ജാതി മത ഭേദമന്യേ നല്‍കിയ കോടിക്കണക്കിന് പൊതിച്ചോറുകളാണ് , അരശരണരായ അനേകം കോടി മനുഷ്യരുടെ വിശപ്പ് അകറ്റുന്നത്.
അവരെയാണ് ജോയ് മാത്യു അവഹേളിച്ചിരിക്കുന്നത്.
ഫ്‌ലാറ്റില്‍ നിന്ന് കാരവനിലേക്കുള്ള ഓട്ടത്തില്‍ എക്‌സ് നക്‌സലേറ്റിന്റെ കണ്ണില്‍ പെടാനിടയില്ലാത്ത സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടേയും ആ ചോറുപൊതികള്‍ നല്‍കുന്ന നന്മനിറഞ്ഞ അനേകമനുഷ്യരുടെയും അന്തസ്സിനെയാണ് നിങ്ങള്‍ അധിക്ഷേപിക്കുന്നത്.
ആരുടെ കൈയ്യിലാണ് മിസ്റ്റര്‍ ജോയി മാത്യു കഠാരയുള്ളത്? രാഹുല്‍ ഗാന്ധി വയനാട്ടില്‍ പര്യടനത്തിന് വരുമ്പോള്‍ ആനയിച്ച് കൊണ്ട് വരാനും പ്രസംഗിക്കാനുമുള്ളവരുടെ കൂട്ടത്തില്‍ നിങ്ങളെയും കൂട്ടാറുണ്ടല്ലോ. ആ വേദിയില്‍ ഒന്ന് തിരിഞ്ഞു നോക്കിയാല്‍ കാണാം താങ്കള്‍ പറഞ്ഞ കൈയ്യില്‍ കഠാരയുള്ള കൂട്ടത്തെ. ഇടുക്കിയില്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിച്ചിരുന്ന പത്തൊമ്പത് വയസ്സുള്ള ചെറുപ്പക്കാരന്റെ ഇടനെഞ്ചില്‍ കഠാര കയറ്റിക്കൊന്നു കളഞ്ഞ ക്രിമിനലിനെ സംസ്ഥാന നേതൃസ്ഥാനം നല്‍കി ആദരിച്ചതും, കോണ്‍ഗ്രസ് വേദികളില്‍ ആനയിക്കുന്നതും ആരാണ്? ഹഖ് മുഹമ്മദ്, മിഥ്‌ലാജ് തുടങ്ങി കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകളുടെ കത്തി മുനയില്‍ അര ഡസനോളം ജീവിതങ്ങള്‍ രക്ത സാക്ഷിത്വം നല്‍കിയ പ്രസ്ഥാനത്തെക്കുറിച്ചാണ് നിങ്ങള്‍ കൊലയാളികളുടെ കൂടാരത്തില്‍ നിന്നു കൊണ്ട് കഠാരയെക്കുറിച്ച് പറയുന്നത്.
തോക്കിന്‍കുഴലുമായി കാട്ടില്‍ വിപ്ലവം ഒണ്ടാക്കാന്‍ പോയ ജോയ് മാത്യുവിന് ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ ഇങ്ങനെ പറയാന്‍?
വിപ്ലവസിംഹമേ, ബിജെപി വേദികളിലും, കോണ്‍ഗ്രസ് വേദികളിലും താങ്കള്‍ മാറിമാറി നിരങ്ങിക്കോളൂ. പക്ഷെ അവരുടെ ഉച്ചിഷ്ടം തിന്നിട്ട് എല്ലില്‍കുത്തുമ്പോള്‍ ഡി.വൈ.എഫ്.ഐ യുടെ മെക്കിട്ട് കേറാന്‍ വരേണ്ട.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates