മോദിയുടെ സന്ദർശനം; വയനാട്ടിൽ ഗതാഗത നിയന്ത്രണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ടക്കൈ- ചൂരൽമല ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുന്നതിന്റെ ഭാഗമായി ഈ മാസം 10ന് ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി. പത്താം തീയതി രാവിലെ പത്ത് മണി മുതലാണ് നിയന്ത്രണം. ശനിയാഴ്ച 11.55നു പ്രധാനമന്ത്രി വയനാട്ടിൽ എത്തും. 12 മണി മുതൽ 3 മണി വരെ പ്രധാമന്ത്രി വയനാട്ടിൽ ചെലവഴിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കൽപ്പറ്റ, മേപ്പാടി ടൗണുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇവിടേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റി വിടുകയുള്ളുവെന്നും പൊലീസ് വ്യക്തമാക്കി.
ടാക്സി, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ രാവിലെ 11 മുതൽ പ്രധാനമന്ത്രി സന്ദർശനം കഴിഞ്ഞു മടങ്ങുന്നതു വരെ കൽപ്പറ്റ- കൈനാട്ടി ബൈപ്പാസ് ജങ്ഷൻ മുതൽ മേപ്പാടി വിംസ് ആശുപത്രി വരെയും മേപ്പാടി ടൗൺ മുതൽ ചൂരൽമല വരെയുള്ള റോഡിന്റെ ഇരു വശങ്ങളിലും പാർക്ക് ചെയ്യാൻ പാടില്ല. കൽപ്പറ്റ ജനമൈത്രി ജങ്ഷൻ മുതൽ കെഎസ്ആർടിസി ഗാരേജ് ജങ്ഷൻ വരെയും പാർക്കിങ് നിയന്ത്രണം ബാധകമാണ്.
സുൽത്താൻ ബത്തേരി- മാനന്തവാടി ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ കൽപ്പറ്റ, കൈനാട്ടി ജങ്ഷൻ കഴിഞ്ഞുള്ള ബൈപ്പാസ് റോഡിൽ കയറി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം കൽപ്പറ്റ ബൈപ്പാസിലൂടെ പോകണം. കോഴിക്കോട് നിന്നു മാനന്തവാടി, ബത്തേരി ഭാഗത്തേക്ക് വരുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ കൽപ്പറ്റ ജനമൈത്രി ജങ്ഷൻ കഴിഞ്ഞുള്ള ബൈപ്പാസ് റോഡിലൂടെ കയറി ആളെയിറക്കുകയും ചെയ്ത ശേഷം ബൈപ്പാസിലൂടെ തന്നെ പോകണം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വടുവൻചാൽ ഭാഗത്തു നിന്നു വരുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ മൂപ്പൈനാട്- നെടുമ്പാല- തൃക്കൈപ്പറ്റ- മുട്ടിൽ- കൈനാട്ടി വഴി ബൈപ്പാസിലേക്ക് കയറണം. ബത്തേരി, മാനന്തവാടി ഭാഗത്തു നിന്നു കൽപ്പറ്റയ്ക്ക് വരുന്ന വാഹനങ്ങൾ ബൈപ്പാസിൽ കയറി കൈനാട്ടി ജങ്ഷനിൽ ആളെയിറക്കി തിരിച്ചു പോകണം.
ബത്തേരി ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ കൈനാട്ടി ജങ്ഷനിൽ നിന്നു തിരിഞ്ഞു പുളിയാർമല- മണിയൻകോട്- മുണ്ടേരി- വെയർഹൗസ് ജങ്ഷൻ- പുഴമുടി- വെള്ളാരംകുന്ന് വഴി പോകണം. മാനന്തവാടി ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നാലാം മൈൽ- വെള്ളമുണ്ട- കുറ്റ്യാടി ചുരം വഴി പോകണം. കോഴിക്കോട് ഭാഗത്തു നിന്നു മാനന്തവാടി ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ വൈത്തിരി- പൊഴുതന- പടിഞ്ഞാറത്തറ വഴിയാണ് പോകേണ്ടത്. കോഴിക്കോട് ഭാഗത്തു നിന്നു ബത്തേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ വൈത്തിരി- പൊഴുതന- പടിഞ്ഞാറത്തറ- കമ്പളക്കാട്- പച്ചിലക്കാട്- മീനങ്ങാടി വഴി പോകണം. വടുവൻചാൽ ഭാഗത്തു നിന്നു കൽപ്പറ്റയിലേക്കുള്ള വാഹനങ്ങൾ മൂപ്പൈനാട്- നെടുമ്പാല- തൃക്കൈപ്പറ്റ- മുട്ടിൽ വഴിയും പോകണം.
ബത്തേരി ഭാഗത്തു നിന്നു കോഴിക്കോടേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾ ബീനാച്ചി- കേണിച്ചിറ- പനമരം- നാലാം മൈൽ വഴിയോ മീനങ്ങാടി- പച്ചിലക്കാട്- നാലാം മൈൽ വഴിയോ കുറ്റ്യാടി ചുരം വഴി പോകണം. മാനന്തവാടി ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾ നാലാം മൈൽ- വെള്ളമുണ്ട വഴി കുറ്റ്യാടി ചുരം വഴിയും പോകേണ്ടതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ