ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; നിര്‍ണായകമായത് തിരിച്ചുവച്ച സിസിടിവി; വിരലടയാള പരിശോധനയില്‍ കുടുങ്ങി അയല്‍വാസി

മോഷ്ടിച്ച പണവും സ്വര്‍ണവും ലീജിഷ് വീട്ടിലെ കട്ടിലിനടിയില്‍ പ്രത്യേകം സജ്ജമാക്കിയ അറയിലാണ് ഒളിപ്പിച്ചതെന്നും വീട്ടില്‍ നിന്ന് 267 പവനും ഒരു കോടി ഇരുപത് ലക്ഷം രൂപയും കണ്ടെത്തിയതായി കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
Man Arrested For Stealing Rs 1 Cr Cash, 300 Sovereigns Of Gold From Neighbour's House In Kerala's Valapattanam
പ്രതി ലിജീഷ്- കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തിനിടെ
Updated on

കണ്ണൂര്‍: വളപട്ടണത്ത് അരിവ്യാപാരി അഷ്‌റഫിന്റെ വീട് കുത്തിത്തുറന്ന് 267 പവന്‍ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ അയല്‍വാസി ലിജീഷ് സമാനമായ രീതിയില്‍ നേരത്തെയും മോഷണം നടത്തിയതായി കണ്ണൂര്‍ കമ്മീഷണര്‍ അജിത് കുമാര്‍. മോഷ്ടിച്ച പണവും സ്വര്‍ണവും ലീജിഷ് വീട്ടിലെ കട്ടിലിനടിയില്‍ പ്രത്യേകം സജ്ജമാക്കിയ അറയിലാണ് ഒളിപ്പിച്ചതെന്നും വീട്ടില്‍ നിന്ന് 267 പവനും ഒരു കോടി ഇരുപത് ലക്ഷം രൂപയും കണ്ടെത്തിയതായി കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

25ാം തീയതിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതെന്ന് കമ്മീഷണര്‍ പറഞ്ഞു. 19ാം തീയതി അഷ്‌റഫ് കുടംബസമേതം മധുരയില്‍ കല്യാണത്തിന് പോയിരുന്നു. അതുകഴിഞ്ഞ് 24ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ലോക്കര്‍ പൊട്ടിച്ച് അതിലുണ്ടിയിരുന്ന ഒരുകോടിയിലധികം രൂപയും 300 പവന്‍ സ്വര്‍ണവും മോഷണം പോയതായി മനസിലാക്കുന്നത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. വീടിന്റെ പുറകിലുള്ള ജനല്‍ പൊട്ടിച്ചാണ് അയല്‍വാസിയായ ലീജീഷ് അതിവിദഗ്ധമായി മോഷണം നടത്തിയതെന്ന് കമ്മീഷണര്‍ പറഞ്ഞു. വിരലടയാള വിദഗ്ധന്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിനായി ഇരുപതംഗങ്ങളുളള പ്രത്യേക സംഘം രൂപികരിച്ചു.

നൂറോളം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായി കമ്മീഷണര്‍ പറഞ്ഞു. 67 പേരുടെ വിരലടയാളങ്ങള്‍ പരിശോധിച്ചു. 215 പേരെ ചോദ്യം ചെയ്തു. കോഴിക്കോട്, മംഗലാപുരം വരെ റെയില്‍വേയിലെ ടവര്‍ ഡം പരിശോധിച്ചതായും കമ്മീഷണര്‍ പറഞ്ഞു. പ്രതിയെ ശനിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. വിരലടയാളം പരിശോധിച്ചു. അതിനിടെ പ്രതി കീച്ചേരിയില്‍ സമാനമായ രീതിയില്‍ മോഷണം നടത്തിയതായും കണ്ടെത്തി. ഏറെ നേരത്തെ ചോദ്യം ചെയ്യിലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് കമ്മീഷണര്‍ പറഞ്ഞു.

19ന് മോഷണം നടത്തിയ ലീജീഷ് മറന്നുവച്ച ആയുധം എടുക്കുന്നതിനായി 21 ന് വീണ്ടും വീട്ടില്‍ കയറി. മുഖം മൂടിയും വസ്ത്രങ്ങളും പ്രതി കത്തിച്ചതായും കമ്മീഷണര്‍ പറഞ്ഞു. മോഷണത്തിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. മോഷണത്തിന് മുന്‍പായി അഷ്‌റഫിന്റെ വീട്ടിലെ കാമറകള്‍ പ്രതി മറച്ചതായും തിരിച്ചുവച്ച കാമറയിലൊന്നില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണായകമായതെന്നും പൊലീസ് പറഞ്ഞു. വീട്ടില്‍ സ്വര്‍ണവും പണവും ഉണ്ടെന്ന് പ്രതിക്ക് അറിയാമായിരുന്നെന്നും കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

3 മാസം മുന്‍പു ഗള്‍ഫില്‍നിന്നു തിരിച്ചുവന്ന ലിജീഷ് കഴിഞ്ഞ വര്‍ഷം കീച്ചേരിയില്‍ മോഷണം നടത്തിയതും ജനല്‍ ഗ്രില്‍ ഇളക്കിയായിരുന്നു. അവിടെ നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവന്‍ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്. ലിജീഷിനെ പിടികൂടിയത് അറിഞ്ഞ പലര്‍ക്കും ആശ്ചര്യമാണ്. ഇങ്ങനെയൊക്കെ ഇയാള്‍ ചെയ്യുമോയെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്‌റഫിന്റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചിരുന്നു. അഷ്‌റഫിന്റെ വിവരങ്ങളെല്ലാം അറിയുന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന് പൊലീസ് ആദ്യം മുതല്‍ സംശയിച്ചതാണു വഴിത്തിരിവായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com