'എന്റെയും ഭാര്യയുടെയും മനസ്സ് ഗോപാലകൃഷ്ണന്‍ എങ്ങനെ പറയും? ഇങ്ങനെയായാല്‍ ബിജെപിക്കാരനെ വീട്ടില്‍ കയറ്റുമോ?'
കൊച്ചി: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍ തന്നെ സന്ദര്‍ശിച്ചത് ഒരു പുസ്തകം തരാന്‍ വേണ്ടിയാണെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. അതാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചാരണം ഒരു പാര്‍ട്ടിയുടെ മാന്യതയ്ക്ക് ചേര്‍ന്ന കാര്യമാണോയെന്ന് ആലോചിക്കണം. അല്ലാതെ ഒരു ബിജെപിക്കാരനെ താന്‍ വീടിന്റെ പടിക്കല്‍ കയറ്റുമോയെന്നും സുധാകരന്‍ ചോദിച്ചു.
കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍. ആരെങ്കിലും തന്നെ വന്ന് കണ്ടാല്‍ അതിന് മറ്റ് അര്‍ത്ഥങ്ങള്‍ കല്പിക്കുന്നത് എന്തിനാണ്?. തന്നെ കാണാനെത്തുന്ന നേതാക്കള്‍ ആരും തന്നെ സ്വാധീനിക്കാറില്ല. അങ്ങനെയെങ്കില്‍ പിണറായി - നരേന്ദ്രമോദി, പിണറായി - ഗഡ്കരി കൂടിക്കാഴ്ചയെ എല്ലാം അത്തരത്തില്‍ വിശേഷിപ്പിക്കാനാകുമോ എന്നും സുധാകരന്‍ ചോദിച്ചു.
കെ സി വേണുഗോപാലിനെ കണ്ടാല്‍ എന്താണ് കുഴപ്പമെന്നും ജി സുധാകരന്‍ ചോദിച്ചു. കെ സി വേണുഗോപാലുമായി 30 വര്‍ഷത്തിലേറെ ബന്ധമുണ്ട്. തന്റെ ആരോഗ്യ കാര്യങ്ങള്‍ തിരക്കാനാണ് അദ്ദേഹം വന്നത്. കെ സിയെ താന്‍ സി പി എമ്മിലേക്കോ കെസി വേണുഗോപാല്‍ തന്നെ കോണ്‍ഗ്രസിലേക്കോ ക്ഷണിച്ചിട്ടില്ല. അത്രക്ക് മണ്ടനല്ല വേണുഗോപാലെന്നും സുധാകരന്‍ പറഞ്ഞു.
മറ്റു പാര്‍ട്ടിക്കാരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ല. കൂടിക്കാഴ്ച ദുരുദ്ദേശത്തോടെയാണെങ്കില്‍ മാത്രമേ ചോദ്യമുള്ളൂവെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു. കെ സി വേണുഗോപാലും ബി ഗോപാലകൃഷ്ണനും തന്നെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അനാവശ്യമാണ്. സുധാകരന് പാതി ബിജെപി മനസ്സാണെന്ന ഗോപാലകൃഷ്ണന്റെ പ്രസ്താവനയും സുധാകരന്‍ തള്ളി. തന്റെയും ഭാര്യയുടേയും മനസ്സ് ഗോപാലകൃഷ്ണന്‍ എങ്ങനെ പറയുമെന്ന് ജി സുധാകരന്‍ ചോദിച്ചു.
സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ട് എന്ന് വാക്ക് താന്‍ പറഞ്ഞതല്ല. അവിടത്തെ ഒരു നേതാവ് ആണ് അങ്ങനെ പറഞ്ഞത്. അത് പാടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്. തനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. അമ്പലപ്പുഴ ഘടകത്തിന് തോന്നിയതല്ല. ഒരു നേതാവിന് തോന്നിയതാണ്. തനിക്ക് വിഷമമില്ല. തിരുത്തല്‍ പ്രവൃത്തി പാര്‍ട്ടി മുന്‍പും നടത്തിയിട്ടുണ്ട്. ഇന്ന് കൂടുതല്‍ നടത്തണം. അതു പറയുമ്പോള്‍ താന്‍ പാര്‍ട്ടിക്ക് എതിരാണ് എന്ന് പറയുന്നത് ഒരു വിഭാഗം മാധ്യമങ്ങളും പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയ ചില പൊളിറ്റിക്കല്‍ ക്രിമിനല്‍സും ആണെന്നും ജി സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടികളില്‍ നുഴഞ്ഞുകയറിയ രാഷ്ട്രീയ ക്രിമിനലുകള്‍ ആഴത്തില്‍ വേരോടിയ രാഷ്ട്രീയ തത്വശാസ്ത്രങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. അത് രാഷ്ട്രീയരംഗം നേരിടുന്ന ഗുരുതര പ്രശ്‌നമാണ്. ഇത്തരം പുഴുക്കുത്തുകള്‍ സിപിഎം അടക്കം എല്ലാ രാഷ്ട്രീയ കക്ഷികളിലുമുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയപാർട്ടികളുടേയും പ്രവർത്തനം ജനാധിപത്യപരമാകണം. സിപിഎമ്മിലും അതു വേണം. പാര്‍ട്ടിക്ക് അകത്തുണ്ടാകുന്ന തെറ്റായ കാര്യങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും സ്വയം വിമര്‍ശനങ്ങളുമെല്ലാം സംഘടനാ റിപ്പോര്‍ട്ടുകളില്‍ ഉള്ളതാണ്. പാര്‍ട്ടി രേഖകളില്‍ ഉള്ളതു പറയുമ്പോഴാണ് ജി സുധാകരന്‍ പാര്‍ട്ടിക്കെതിരെയാണെന്ന് മാധ്യമങ്ങള്‍ പറയുന്നതെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

