
പത്തനംതിട്ട: പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണത്തില്‍ നടപടി. ചുട്ടിപ്പാറ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ സലാമിനെ സ്ഥലം മാറ്റി. കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
സീപാസിന് കീഴിലെ സീതത്തോട് കോളജിലേക്കാണ് അബ്ദുല്‍ സലാമിനെ സ്ഥലം മാറ്റിയത്. പകരം സീതത്തോട് കോളജ് പ്രിന്‍സിപ്പലായിരുന്ന തുഷാരയെ ചുട്ടിപ്പാറയിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്. കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അഷിത, അലീന ദിലീപ്, അജ്ഞന മധു എന്നിവര്‍ക്കെതിരെയാണ് നടപടി. കേസില്‍ മൂന്നു പേരും ജാമ്യത്തിലാണ്.
അതേസമയം അമ്മു മരണത്തില്‍ അധ്യാപകനെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ചുട്ടിപ്പാറ നഴ്‌സിങ് കോളജിലെ സൈക്യാട്രി വിഭാഗം അധ്യാപകന്‍ സജിക്കെതിരെയാണ് അമ്മുവിന്റെ അച്ഛന്‍ സജീവ് പരാതി നല്‍കിയത്. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകന്‍ സജിയും കേസില്‍ പ്രതികളായ വിദ്യാര്‍ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛന്‍ സജീവന്റെ പരാതി.
പ്രതികളായ വിദ്യാര്‍ഥിനികളെ ഒരു വശത്തും അമ്മുവിനെ ഒരു വശത്തും നിര്‍ത്തികൊണ്ട് കൗണ്‍സിലിങ് എന്ന പേരില്‍ കുറ്റവിചാരണ നടത്തുകയായിരുന്നു. രണ്ടു മണിക്കൂറിലധികമാണ് അധ്യാപകനായ സജി അമ്മുവിനെ കുറ്റവിചാരണ ചെയ്തതെന്നും ഇതിനുശേഷമാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് അമ്മു വീണ് മരിച്ചതെന്നും അച്ഛന്‍ സജീവ് പറഞ്ഞു.
നേരത്തെ കേസില്‍ പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്‍പില്‍ ഹാജരായി അമ്മുവിന്റെ മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. മകള്‍ക്ക് സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ച് വിശദമായ മൊഴി നല്‍കിയെന്ന് അച്ഛന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക