ഡോ. വന്ദന ദാസ് കൊലക്കേസ്: സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി; പ്രതിയുടെ മാനസിക നിലയില്‍ ഒരു തകരാറുമില്ലെന്ന് സര്‍ക്കാര്‍

സന്ദീപ് ചെയ്ത കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി
vandana das murder
ഡോ വന്ദന ദാസ്, പ്രതി സന്ദീപ്ഫയൽ
Updated on

ന്യൂഡല്‍ഹി: ഡോ. വന്ദന ദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, സന്ദീപ് ചെയ്ത കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിന്റെ കാര്യത്തില്‍ ഉദാര സമീപനമാണ് സാധാരണ കോടതി സ്വീകരിക്കാറുള്ളത്. എന്നാല്‍ ഈ കേസില്‍ അതിന് കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ നേരത്തെ സന്ദീപ് നല്‍കിയ വിടുതല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.

മാനസിക പ്രശ്‌നങ്ങളുള്ള ആളാണെന്ന് സന്ദീപ് കോടതിയില്‍ വാദിച്ചിരുന്നു. തുടര്‍ന്ന് സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അതനുസരിച്ച് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

സന്ദീപിന്റെ മാനസിക നിലയില്‍ യാതൊരു തകരാറുമില്ലെന്നും, മദ്യലഹരിയില്‍ നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇയാള്‍ക്ക് ഉത്തമ ബോധ്യം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കിയിരുന്ന ആളാണെന്നും, സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണിയാണെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഡോക്ടറായ വന്ദനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി എന്ന നിലയില്‍ സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ അത്തരത്തിലൊരു റിപ്പോര്‍ട്ടാകും നല്‍കുകയെന്നും, അതിനാല്‍ എയിംസില്‍ സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. കേസിലെ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ ശേഷം ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. അത്യാഹിത വിഭാഗത്തിൽ വച്ച് ഡോ. വന്ദനയെ സന്ദീപ് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദന ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com