പാലക്കാട്: പാലക്കാട് പനയമ്പാടത്ത് ലോറി മറിഞ്ഞ് വിദ്യാര്‍ത്ഥിനികള്‍ മരിച്ച അപകടമേഖലയിലെ വളവ് നിവര്‍ത്താനും, സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കാനും ഉന്നത തലയോഗത്തില്‍ തീരുമാനം. ഇന്നു മുതല്‍ വേഗനിയന്ത്രണം നടപ്പാക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നാളെ എസ്പി, ആര്‍ടിഒ, മറ്റ് വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്ത് പരിശോധന നടത്തും. കലക്ടര്‍ സേഫ്റ്റി ഓഡിറ്റ് നടത്തുമെന്നും ഉന്നതതലയോഗത്തിനു ശേഷം മന്ത്രി വ്യക്തമാക്കി.
നടപടികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇനി അവിടെയൊരു അപകടമോ, മരണമോ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കേണ്ട കാര്യങ്ങളെല്ലാം ദ്രുതഗതിയില്‍ നടപ്പാക്കും. ദേശീയപാതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് അടിയന്തര നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയപാത അധികൃതര്‍ അടക്കം വിദഗ്ധസംഘം സ്ഥലത്ത് പരിശോധന നടത്തി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ പരിശോധിക്കുകയും, വേഗത്തില്‍ തന്നെ നടപ്പാക്കുമെന്നും ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചു. പൊലീസ് വാഹനപരിശോധന ശക്തമാക്കുമെന്നും മറ്റൊരു സംവിധാനം വരും വരെ പ്രദേശത്ത് വേഗം നിയന്ത്രിക്കുമെന്നും എസ്പി അറിയിച്ചു. അപകടം കുറയ്ക്കാനുള്ള വിവിധ നിര്‍ദേശങ്ങള്‍ നാട്ടുകാര്‍ യോഗത്തില്‍ മുന്നോട്ടുവച്ചു. കെ ശാന്തകുമാരി എംഎല്‍എ, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവര്‍ പാലക്കാട് കലക്ടറേറ്റില്‍ നടന്ന ഉന്നതതലയോഗത്തില്‍ സംബന്ധിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക