

കണ്ണൂർ: മലയാള ചെറുകഥകളുടെ കുലപതി ടി പത്മനാഭന് ഇന്ന് 95-ാം പിറന്നാൾ. ഗൗരിയും മഖൻ സിങ്ങിന്റെ മരണവും സാക്ഷിയും അടക്കം മലയാള കഥാലോകത്ത് പ്രകാശം പരത്തിയ ഇരുന്നൂറിലധികം കഥകൾ പത്മനാഭൻ എഴുതി കഴിഞ്ഞു. മനസിൽ തട്ടുന്ന രചനകൾ കൊണ്ട് വായനക്കാരുടെ മനസിലിടം നേടിയ പ്രിയപ്പെട്ട എഴുത്തുകാരന് ജന്മദിനാശംസകൾ നേരുകയാണ് വായനക്കാരും. തൊണ്ണൂറാം പിറന്നാൾ മുതൽ സ്വാമി കൃഷ്ണാനന്ദ ഭാരതിയുടെ പോത്താംകണ്ടം ആനന്ദഭവനത്തിലാണ് ആഘോഷങ്ങൾ.
ഇത്തവണയും പിറന്നാളുമായി ബന്ധപ്പെട്ട് അവിടെ തന്നെയാണ് അദ്ദേഹം. സമകാലിക വിഷയങ്ങളിലെല്ലാം നിരന്തരം പ്രതികരിക്കുന്ന വ്യക്തി കൂടിയാണ് ടി പത്മനാഭൻ. സത്യം, സ്നേഹം, ദയ, സഹാനുഭൂതി, ത്യാഗം, സമത്വം, മാനവികത തുടങ്ങിയ മൂല്യങ്ങൾ ഉണർത്തുന്നവയാണ് അദ്ദേഹത്തിന്റെ കഥകളെല്ലാം. കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നില്‍ 1931ലാണ് ടി പത്മനാഭന്‍റെ ജനനം. അച്ഛന്‍ പുതിയടത്ത് കൃഷ്ണന്‍ നായര്‍. അമ്മ ദേവകി എന്ന അമ്മുക്കുട്ടിയമ്മ.
ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍, മംഗലാപുരം ഗവ കോളജ്, മദ്രാസ് ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 1948ല്‍, പതിനേഴാം വയസില്‍ ആദ്യ കഥ. ചെറുപ്പത്തിലേ ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. കണ്ണൂരില്‍ അഭിഭാഷകനായി ജീവിതവൃത്തി ആരംഭിച്ച ടി പത്മനാഭന്‍ പിന്നീട് കൊച്ചി എഫ്എസിടിയില്‍ ഉദ്യോഗസ്ഥനായി. 1989ല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി വിരമിച്ചു.
പരേതയായ കല്ലന്മാർതൊടി ഭാർഗവിയാണ് ഭാര്യ. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി, മഖൻ സിങ്ങിന്റെ മരണം, സാക്ഷി, കടൽ, ഗൗരി, നളിനകാന്തി, ഹാരിസൺ സായ്‌വിന്റെ നായ തുടങ്ങിയ അദ്ദേഹത്തിന്റെ കഥകൾക്കെല്ലാം ഇന്നും വായനക്കാരേറെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates