ഒമ്പതു വയസുകാരിയെ വാഹനം ഇടിച്ച ശേഷം കടന്നുകളഞ്ഞ കേസ്: പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

വാഹനം ഇടിച്ച ദൃഷാന ഇപ്പോഴും അബോധാവസ്ഥയിലാണ്
shajeel
പ്രതി ഷജീൽ ടിവി ദൃശ്യം
Updated on

കോഴിക്കോട് : വടകര അഴിയൂരില്‍ ഒമ്പതു വയസുകാരിയെ വാഹനം ഇടിച്ച കേസിലെ പ്രതി ഷജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വാഹനം ഇടിച്ച ദൃഷാന ഇപ്പോഴും അബോധാവസ്ഥയിലാണ്.

പ്രതിയായ ഷജീല്‍ വിദേശത്തു നിന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി 17നാണ് ചോറോട് വച്ച് ഷജീല്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. വടകര ചോറോട് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശിയായ ദൃഷാനയെയും മുത്തശ്ശിയെയും തലശേരി ഭാഗത്തേക്ക് അമിതവേഗത്തില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വച്ചു മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദൃഷാന ഇന്നും അബോധാവസ്ഥയില്‍ തുടരുകയാണ്. അപകടമുണ്ടായിട്ടും നിര്‍ത്താതെ കടന്നുകളഞ്ഞ ഷജീല്‍, പിന്നീട് വിദേശത്തേക്ക് കടക്കുകയും ചെയ്തു. പത്ത് മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞത്. നഷ്ട പരിഹാരത്തിനായി പ്രതി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ത്തു. അപകടം ഉണ്ടാക്കിയിട്ടും നിര്‍ത്താതെ വാഹനമോടിച്ചു. അപകട വിവരം മറച്ചുവെച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിര്‍ത്തു കൊണ്ടു പൊലീസ് കോടതിയില്‍ ഉന്നയിച്ചത്. വിദേശത്തുള്ള ഷജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com