

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ പുലർച്ചെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ നിന്നു ലഭിച്ച 3 ദിവസം പ്രായമുള്ള പെൺകുഞ്ഞിനു പേരിട്ടു. 'സ്നിഗ്ധ' എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിനു പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് രാവിലെ ആരോഗ്യ മന്ത്രി വീണ ജോർജ് സമൂഹ മാധ്യമത്തിലൂടെ അഭ്യർഥന നടത്തിയിരുന്നു.
മന്ത്രിയുടെ അഭ്യർഥനയ്ക്കു പിന്നാലെ നിരവധി പേരുകൾ ലഭിച്ചിരുന്നു. ഇതിൽ നിന്നുള്ള പേരുകളിൽ നിന്നു നറുക്കെടുത്താണ് പേര് കണ്ടെത്തിയത്. ശിശുക്ഷേമ സമിതി ആസ്ഥാനത്തു നടന്ന ചടങ്ങിൽ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പേര് നറുക്കിട്ടെടുത്തത്.
പുലർച്ചെ 5.50നാണ് കുഞ്ഞിനെ കിട്ടിയതെന്നും ഈ മകൾക്ക് ഇടാൻ പറ്റുന്ന പേര് അറിയിക്കണമെന്നും മന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു. ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്.
മന്ത്രിയുടെ കുറിപ്പ്
പ്രിയപ്പെട്ടവരേ, എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും അറിയിക്കുന്നു.
ആ മകള്‍ക്ക് പേരിട്ടു. 'സ്‌നിഗ്ദ്ധ'സ്‌നേഹമുള്ള, ഹൃദ്യമായ, തണുപ്പുള്ള എന്നൊക്കെ അര്‍ത്ഥം
ലഭിച്ച പേരുകളില്‍ നിന്ന് ശിശുക്ഷേമ സമിതിയിലെ രണ്ട് വയസുകാരി ജാനുവാണ് 'സ്‌നിഗ്ദ്ധ' എന്ന പേരെഴുതിയ പേപ്പര്‍ തെരഞ്ഞെടുത്തത്. ഇന്ന്, ക്രിസ്തുമസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ ലഭിച്ച പെണ്‍കുഞ്ഞിന് പേരിടാന്‍ സുന്ദരങ്ങളായ ഒരു പാട് പേരുകള്‍ നിങ്ങള്‍ ഏവരും നിര്‍ദേശിച്ചു. ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ 2400ലധികം പേരാണ് പേരുകള്‍ നിര്‍ദേശിച്ചത്. ഇതില്‍ ഒരു പേര് തിരഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടായിരുന്നു.
നക്ഷത്ര, താലിയ, താര, എമ്മ, മാലാഖ, അതിഥി, പ്രതീക്ഷ, ഉജ്ജ്വല, നില... അങ്ങനെ അങ്ങനെ മനോഹരങ്ങളായ ഒട്ടേറെ പേരുകള്‍. അതുകൊണ്ടാണ് ഈ പേരുകളില്‍ നിന്ന് നറുക്കെടുപ്പിലൂടെ പേര് കണ്ടെത്താന്‍ തീരുമാനിച്ചത്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും ഒരുപാട് പേര്‍, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ പേരുകള്‍ നിര്‍ദേശിച്ചിരുന്നു. ഇന്ന് നിര്‍ദേശിക്കപ്പെട്ട മറ്റ് പേരുകള്‍ ശിശുക്ഷേമ സമിതിഇനി കുഞ്ഞുങ്ങള്‍ക്ക് ഇടാനായി സൂക്ഷിക്കുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates