വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിന്റെ സൂത്രധാരന്‍, ചൈനീസ്, കംബോഡിയന്‍ ബന്ധം; മലയാളികളെ കബളിപ്പിച്ച കേസില്‍ ലിങ്കണ്‍ ബിശ്വാസിന്റെ പങ്കില്‍ അന്വേഷണം

റിട്ട. പ്രൊഫസറായ കാക്കനാട് സ്വദേശിനിയില്‍ നിന്ന് 4.12 കോടി രൂപ വിര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ തട്ടിയെടുത്ത സംഘത്തിലെ സൂത്രധാരന്‍ ബംഗാള്‍ സ്വദേശി ലിങ്കണ്‍ ബിശ്വാസിന് ചൈനീസ്, കംബോഡിയ എന്നി രാജ്യങ്ങളിലെ തട്ടിപ്പ് സംഘവുമായി ബന്ധമെന്ന് കണ്ടെത്തല്‍
VIRTUAL ARREST FRAUD CASE
ലിങ്കൺ ബിശ്വാസ്
Updated on

കൊച്ചി: റിട്ട. പ്രൊഫസറായ കാക്കനാട് സ്വദേശിനിയില്‍ നിന്ന് 4.12 കോടി രൂപ വിര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ തട്ടിയെടുത്ത സംഘത്തിലെ സൂത്രധാരന്‍ ബംഗാള്‍ സ്വദേശി ലിങ്കണ്‍ ബിശ്വാസിന് ചൈനീസ്, കംബോഡിയ എന്നി രാജ്യങ്ങളിലെ തട്ടിപ്പ് സംഘവുമായി ബന്ധമെന്ന് കണ്ടെത്തല്‍. സൈബര്‍ തട്ടിപ്പ് വഴി ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുന്ന പണം ഇയാള്‍ ചൈനയിലെ സൈബര്‍ തട്ടിപ്പുകാര്‍ക്ക് അയച്ചുകൊടുത്തതായും സംശയമുണ്ട്. രാജ്യത്തെയും കേരളത്തെയും വിറപ്പിച്ച വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ പലതിന്റെയും സൂത്രധാരനാണ് ഇയാളെന്നും വ്യക്തമായി. ലിങ്കണ്‍ ബിശ്വാസിനെ ഇന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും.

ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്ത് ജോലിക്കെന്ന് പറഞ്ഞ് കംബോഡിയയിലേക്ക് റിക്രൂട്ട് ചെയ്ത് മലയാളികളെ കബളിപ്പിച്ച കേസില്‍ ലിങ്കണ്‍ ബിശ്വാസിന് പങ്കുണ്ടോ എന്നത് അടക്കം അന്വേഷിക്കും. സൈബര്‍ തട്ടിപ്പ് നടത്താനാണ് സംഘം മലയാളികളെ കംബോഡിയയിലേക്ക് റിക്രൂട്ട് ചെയ്തത്. അവിടെ എത്തിയ ശേഷം മാത്രമാണ് മലയാളികള്‍ തട്ടിപ്പിന് ഇരയായി എന്ന് അറിഞ്ഞത്. ലിങ്കണ്‍ ബിശ്വാസിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യത്തിലെല്ലാം കൂടുതല്‍ വ്യക്തത വരികയുള്ളൂ. കൊച്ചി സിറ്റിയില്‍ മാത്രം കഴിഞ്ഞ ആറുമാസത്തിനിടെ വിര്‍ച്വല്‍ അറസ്റ്റ് ഉള്‍പ്പെടെ 25 കോടി രൂപ വിവിധ സംഘങ്ങള്‍ തട്ടിയെടുത്തിരുന്നു. പല ജില്ലകളിലും നഗരങ്ങളിലും വിവിധ സംസ്ഥാനങ്ങളിലും സമാനമായ തട്ടിപ്പ്് അരങ്ങേറിയിട്ടുണ്ട്. രാജ്യത്തെ വിര്‍ച്വല്‍ അറസ്റ്റ് സൈബര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് ലിങ്കണ്‍ എന്നാണ് പൊലീസ് പറയുന്നത്.

രാജ്യവ്യാപകമായി പലരുടെയും 450 ഓളം അക്കൗണ്ടുകള്‍ ഉപയോഗിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. പ്രതികള്‍ പണം പിന്‍വലിച്ചിരുന്നത് ഈ അക്കൗണ്ടുകളിലൂടെയാണ്. ഇതുസംബന്ധിച്ച് പരാതികള്‍ ഉണ്ടായിരുന്നുവെങ്കിലും അവ ഉപയോഗിക്കുന്നതാരാണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പണം പിന്‍വലിക്കുന്ന സ്ഥലങ്ങളിലെ ഫോണ്‍ വിളി വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com