കൊച്ചി: കൊച്ചി ഫോട്ടോ ജേണലിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന 27ാമത് വാര്‍ത്താ ചിത്രപ്രദര്‍ശനം പോര്‍ട്ട്‌ഫോളിയോ 2025ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ തുടക്കം. മന്ത്രി പി രാജീവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കൃത്യസമയം തിരിച്ചറിഞ്ഞ് ഭാവം ഉൾക്കൊണ്ട് പകർത്തിയ ചിത്രങ്ങളാണ് പോർട്ട്ഫോളിയോ പ്രദർശനത്തിൽ കാണുന്നതെന്ന് പി രാജീവ് പറഞ്ഞു. ഭാവം മിന്നിമറയുന്നത് നോക്കി കൃത്യസമയത്ത് ഒപ്പിയെടുക്കുകയെന്നുള്ളതാണ് പ്രധാനപ്പെട്ട കഴിവ്. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടുമ്പോഴും സാങ്കേതിക വിദ്യകൾ മേഖലയിലെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറണാകുളത്തെ വിവിധ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ എഴുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ ചിത്രങ്ങൾ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫോറം കണ്‍വീനര്‍ പി.ആര്‍ രാജേഷ് അധ്യക്ഷത വഹിച്ചു. കൊച്ചി മേയർ അഡ്വ എം അനിൽകുമാർ, ഹൈബി ഈഡന്‍ എം പി, എംഎൽഎമാരായ കെ ബാബു, ടി ജെ വിനോദ്, കൗൺസിലർ പത്മജ എസ് മേനോൻ, കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടർ ഡോ എസ്കെ സനിൽ എന്നിവർ സംസാരിച്ചു. കൊച്ചി ഫോട്ടോ ജേണലിസ്റ്റ് ഫോറം ട്രഷറർ മനുഷെല്ലി സ്വാഗതവും ജോയിൻറ് കൺവീനർ ടി പി സൂരജ് നന്ദിയും പറഞ്ഞു. കെഎസ്എഫ്ഇയുടെ സഹകരണത്തോടെ ആരംഭിച്ച പ്രദർശനം ജനുവരി ഒന്നിന് സമാപിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക