

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മൃദംഗനാദം നൃത്ത പരിപാടിയുടെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചു. സംഭവത്തിൽ നടി ദിവ്യ ഉണ്ണിയേയും നടൻ സിജോയ് വർഗീസിനെയും ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. മൃദംഗ വിഷനുമായി ഇരുവർക്കും എന്തു ബന്ധമാണുള്ളതെന്ന കാര്യത്തിലും വിശദമായ അന്വേഷണം നടത്തും.
തെറ്റ് ചെയ്ത ആർക്കും രക്ഷപ്പെടാനാവില്ലെന്നും ചുമത്തിയിരിക്കുന്നത് ശക്തമായ വകുപ്പുകൾ ആണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഒറ്റ മുറിയിൽ പ്രവർത്തിച്ച മൃദംഗ വിഷന് എങ്ങനെയാണ് ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കാൻ ആവുക. എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളിൽ നിന്ന് ആയിരക്കണക്കിന് രൂപ രജിസ്ട്രേഷൻ ഫീസ് ആയി വാങ്ങിയത് എന്നുള്ള കാര്യങ്ങളും സംഘം അന്വേഷിക്കും.
പരിപാടിയെ സംബന്ധിച്ച് ഗുരുതരമായ സാമ്പത്തിക ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. പരിപാടിയിൽ പങ്കെടുത്ത നൃത്ത അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സിജോയ് വർഗീസിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുമെന്നാണ് വിവരം. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് നൃത്തപരിപാടി നടന്നത്.
കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് കാണിച്ച് സംയുക്ത പരിശോധന റിപ്പോർട്ട് പുറത്തു വന്നിരുന്നു. പൊലീസും ഫയർഫോഴ്സും പൊതുമരാമത്ത് വകുപ്പും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. അതേസമയം പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates