മുത്തങ്ങ സമരം കൊണ്ട് ഒന്നും നേടിയെടുത്തില്ല, ഞങ്ങളെ പരിഗണിക്കേണ്ടിയിരുന്നത് ഇടതുപക്ഷം; സികെ ജാനു അഭിമുഖം

കുറച്ച് പേര്‍ക്ക് ഭൂമി നേടാനായി. എല്ലാവര്‍ക്കും ഭൂമി നല്‍കാനായില്ല
സി കെ ജാനു
സി കെ ജാനു

കൊച്ചി: മുത്തങ്ങ സമരം കൊണ്ട് ആളുകള്‍ക്ക് ഒന്നും നേടിക്കൊടുക്കാന്‍ ആയില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷ സി കെ ജാനു. കുറച്ച് പേര്‍ക്ക് ഭൂമി നേടാനായി. എല്ലാവര്‍ക്കും ഭൂമി നല്‍കാനായില്ല. അതിന് കഴിയുന്ന സാഹചര്യം ഉണ്ടായില്ലെന്ന് വേണം പറയാന്‍. കഴിയുമായിരുന്നെങ്കില്‍ ചെയ്ത് കൊടുക്കുമായിരുന്നു. പരസ്പരം ഉള്ള സ്‌നേഹ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതല്ലല്ലോ വേണ്ടത്. പ്രായോഗികമായും ബൗദ്ധികമായുമുള്ള സാഹചര്യം വേണം. അതില്ലാത്തിടത്തോളം കാലം ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്ക് വേണ്ടി സമരം ചെയ്‌തെങ്കിലും ഒന്നും നേടിയെടുത്തിട്ടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ജാനു സമകാലിക മലയാളത്തോടു പറഞ്ഞു.

ഞങ്ങളെപ്പോലുള്ള ആളുകളെ പരിഗണിക്കേണ്ടിയിരുന്നത് എല്‍ഡിഎഫായിരുന്നു. രണ്ടാമതാണ് കോണ്‍ഗ്രസ്. രണ്ടു കൂട്ടരും പരിഗണിച്ചിരുന്നെങ്കില്‍ പോകില്ലായിരുന്നു

സംഘപരിവാര്‍ എന്താണെന്ന് അറിയില്ല. അവരുടെ അജണ്ടയും അറിയില്ല. അത് നോക്കേണ്ട ആവശ്യവും എനിക്കില്ല. എന്‍ഡിഎക്കൊപ്പം നില്‍ക്കുന്നത് അവര്‍ പരിഗണിക്കുന്നതുകൊണ്ടാണ്. ഈ തെരഞ്ഞെടുപ്പിലും മുന്നണി എന്ന നിലയില്‍ എന്‍ഡിഎക്കൊപ്പം തന്നെയാണ്. സമീപ കാലത്ത് അനില്‍ ആന്റണിയും പത്മജയും എന്‍ഡിഎയിലേക്ക് പോയപ്പോള്‍ ആര്‍ക്കും കുഴപ്പമില്ലായിരുന്നല്ലോ. എന്നാല്‍ സി കെ ജാനു പോകുമ്പോള്‍ മാത്രമെന്താണ് ഇത്രയധികം പ്രശ്‌നമെന്നും ജാനു ചോദിച്ചു. ഞങ്ങളെപ്പോലുള്ള ആളുകളെ പരിഗണിക്കേണ്ടിയിരുന്നത് എല്‍ഡിഎഫായിരുന്നു. രണ്ടാമതാണ് കോണ്‍ഗ്രസ്. രണ്ടു കൂട്ടരും പരിഗണിച്ചിരുന്നെങ്കില്‍ പോകില്ലായിരുന്നു. എപ്പോഴും അടിമ മനോഭാവത്തില്‍ നമ്മുടെ കാല്‍ക്കീഴിലുണ്ടാവണം എന്ന് വിചാരിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. സി കെ ജാനു ഉണ്ടായത് സിപിഎമ്മിന്റെ അവഗണനയില്‍ നിന്ന് തന്നെയാണ്. സിപിഎം വളര്‍ത്തുകയല്ല കൊല്ലുകയാണ് ചെയ്തിട്ടുള്ളത്.

സി കെ ജാനു
'മോദിയുടെ കീഴില്‍ എല്ലാം ഭദ്രം'; നടന്‍ ശരത്കുമാറിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു

ഭൂപരിഷ്‌കരണം ആണ് ആദിവാസികളെ ഭൂരഹിതരാക്കിയത്. അതിന് ശേഷം കുടികിടപ്പാവകാശമാണ് ആദിവാസികള്‍ക്ക് നല്‍കിയത്. കേരളത്തിന്റെ മുഴുവന്‍ ഭൂമിയും ഭൂപരിഷ്‌കരണത്തില്‍ വരേണ്ടതാണ്. പക്ഷേ, അങ്ങനെ സംഭവിച്ചില്ല. പള്ളിയുടെ ഭൂമി, ട്രസ്റ്റിന്റെ ഭൂമി, അമ്പലത്തിന്റെ ഭൂമി എന്നിവ വന്നില്ല. ഇതൊന്നും കേരളത്തിലല്ലേ എന്നാണ് ചോദിക്കാനുള്ളത്.

കേരളത്തില്‍ ഭൂരഹിതരായ ആളുകളെ പരിഗണിക്കാന്‍ കഴിഞ്ഞിട്ടില്ല. സമരം ചെയ്യുമ്പോള്‍ മാത്രം കരാര്‍ ഉണ്ടാക്കുക. അതിന്റെ തീവ്രത കഴിയുമ്പോള്‍ അവസാനിപ്പിക്കുക എന്നതാണ് അവസ്ഥ. ഇതൊരു തുടര്‍ക്കഥ പോലെ കേരളത്തില്‍ വരുന്നു. കേരളത്തില്‍ സമരത്തിന്റെ ഭാഗമായി 35000ത്തോളം ആളുകള്‍ക്ക് ഭൂമി കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വാസയോഗ്യമല്ലാത്തതും കൃഷി ചെയ്യാനോ ഒന്നും കഴിയാത്തതുമാണ്. പുരധിവാസ പാക്കേജ് അപ്പോള്‍ തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതൊന്നും ഫലത്തില്‍ വന്നില്ല. പറഞ്ഞത് നടപ്പിലാക്കി തന്നാല്‍ മതി എന്നായിരുന്നു സമരത്തില്‍ ഞങ്ങള്‍ ആവശ്യപ്പെട്ടത്.

ആദിവാസികളെ രണ്ടാം നിര പൗരന്‍മാരാക്കുന്ന അജണ്ട തന്നെ സര്‍ക്കാരിനുണ്ട്. ആദിവാസികള്‍ക്ക് കൈവശാവകാശ രേഖ മാത്രമാണ് ഉള്ളത്. എന്നിട്ട് ഭൂമി വിതരണം ചെയ്യുമ്പോള്‍ അതിന് പട്ടയമേള എന്ന് പറയും. മറ്റുള്ള 50 പേര്‍ക്ക് പട്ടയം നല്‍കും. ആദിവാസിക്ക് മാത്രം കൈവശരേഖ. ഈ അനീതിയൊക്കെ പെട്ടെന്നൊന്നും കേരളത്തില്‍ നിന്ന് മാറില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വയനാട്ടില്‍ വന്യമൃഗങ്ങള്‍ ആളുകളെ കൊല്ലുന്നതിന് സര്‍ക്കാരാണ് പരിഹാരം കാണേണ്ടത്. അവിടെ ആനമതിലുള്‍പ്പെടെയുള്ളവ കൊണ്ടുവരണം. എത്രയോ ആദിവാസികള്‍ ഇത്തരത്തില്‍ മരിക്കുന്നു. അതിനൊന്നും കണക്കുകള്‍ ഇല്ല. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നത് പോലും. ആദിവാസികള്‍ അല്ലാത്തവരുടെ മരണം നിസാരമാണെന്നല്ല പറഞ്ഞതിനര്‍ഥം. എല്ലാ മനുഷ്യരേയും ഒരുപോലെ പരിഗണിക്കണമെന്നാണ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com