തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ പുനരന്വേഷണം വേണമെന്ന് സിപിഎം. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ഗൗരവകരമാണ്. കേസില്‍ നിയമപരമായ സാധ്യതകള്‍ ആരായണമെന്നും സെക്രട്ടേറിയറ്റില്‍ നിര്‍ദേശം ഉയര്‍ന്നു. സമഗ്രമായ പുനരന്വേഷണത്തിലൂടെ മാത്രമേ കേസിൽ ബിജെപിയുടേയും ആര്‍എസ്എസിന്റെയും കൃത്യമായ പങ്ക് വെളിപ്പെടുകയുള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
കൊടകര കേസ് എന്നത് കള്ളപ്പണമോ കുഴല്‍പ്പണമോ കൊണ്ടുപോകുമ്പോള്‍ ആക്രമിച്ച് പിടിച്ചുപറിച്ചതുമായി ബന്ധപ്പെട്ടുള്ള കേസാണ്. ഇപ്പോള്‍ തിരൂര്‍ സതീശന്‍ എന്ന ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി പറഞ്ഞത്, അന്ന് കേസിന്റെ ഭാഗമായി നേതാക്കന്മാര്‍ പറഞ്ഞതാണ് മൊഴി കൊടുത്തത് എന്നാണ്. അപ്പോള്‍ കൊടുത്ത മൊഴി തെറ്റാണെന്ന് വ്യക്തമാണല്ലോയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ബിജെപി ജില്ലാ പ്രസിഡന്റും ഉള്ളപ്പോള്‍ ഇലക്ഷന്‍ മെറ്റീരിയല്‍സ് കൊണ്ടുവരുന്നതിന് തീരുമാനിക്കപ്പെട്ട ഒരാളെ പരിചയപ്പെടുത്തിയിരുന്നു. ഇവര്‍ രണ്ടുപേരും അയാളെ ഓഫീസ് സെക്രട്ടറിക്ക് പരിചയപ്പെടുത്തി. അവര്‍ സാമഗ്രികളുമായി വരുമ്പോള്‍ വേണ്ട സഹായം കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ രാത്രി വരാന്‍ സാധ്യതയുണ്ടെന്നും ഓഫീസ് അടക്കരുതെന്നും പറഞ്ഞു.
ആറു ചാക്കുകളിലായിട്ടാണ് പണം കൊണ്ടുവന്നത്. അത് മുകളില്‍ വെച്ചു തുറന്നപ്പോഴാണ് പണമാണെന്ന് കാണുന്നത്. ബിജെപിയുടെ ഓഫീസില്‍ കോടിനുകോടി രൂപയുടെ പണം കൊണ്ടുവന്നു. ആറുകോടിയിലേറെയാണ് കൊണ്ടുവന്നത്. ഇതില്‍ മൂന്നു കോടിയിലേറെയാണ് പോയത്. ബാക്കി വന്ന പണം ആരൊക്കെയാണ്, എങ്ങനെയൊക്കെയാണ് ഉപയോഗിച്ചത് എന്ന് അറിയേണ്ടതുണ്ട്. കൊടകര കേസിന്റെ ഭാഗം മാത്രമല്ല, ഈ കേസ് ആകെ പുനരന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
41 കോടിയിലേറെ രൂപ വിതരണം ചെയ്തതായാണ് പറയപ്പെടുന്നത്. ഓരോ നിയോജകണ്ഡലത്തിലും നിരവധി കോടി രൂപ വിതരണം ചെയ്തതായിട്ടാണ് പറയുന്നത്. ഇപ്പോള്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും ഇതേപോലെ പണം കൊടുത്തിട്ടുണ്ടാകും എന്നാണ് സിപിഎമ്മിന്റെ നിഗമനം. കുഴല്‍പ്പണ കേസിന്റെ സോഴ്‌സ് ബംഗലൂരുവായതിനാല്‍, ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ഇഡിക്കും ആദായ നികുതി വകുപ്പിനും സര്‍ക്കാര്‍ നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. അതിനെതിരെ ഒരു കാര്യവും പറയാതെ, ഇഡിയെയും ഐടിയേയും വെള്ളപൂശുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.
കേസില്‍ സിബിഐ അന്വേഷിക്കട്ടെ എന്നു ബിജെപി നേതാക്കള്‍ പറഞ്ഞതു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ബിജെപിക്കാര്‍ക്ക് താല്‍പ്പര്യം അവര്‍ക്ക് ഇഷ്ടപ്പെട്ടയാളുകളെ ഉപയോഗിച്ച് കേസ് തന്നെ തേച്ചുമാച്ചു കളയാനാണ്. ഹൈക്കോടതിയില്‍ വന്നപ്പോള്‍ തന്നെ അതത്ര ഗൗരവമുള്ള കേസല്ലെന്നാണ് പറഞ്ഞത്. ഇഡി അന്വേഷിക്കാനാണ് കേരള പൊലീസ് റിപ്പോര്‍ട്ട് കൊടുത്തത്. അന്വേഷിക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. ആര് അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കെ രാധാകൃഷ്ണന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് തന്നെ രാധാകൃഷ്ണന്‍ ആണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക