തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ആരോപണം നടത്താൻ തിരൂർ സതീശനെ സിപിഎം പണംകൊടുത്തു വാങ്ങിയതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വീടും സ്ഥലവും ഉൾപ്പെടെ കടബാധ്യതയിൽപ്പെട്ടു നിൽക്കുന്ന ഒരു പാവപ്പെട്ടവനെ സിപിഎം പണം കൊടുത്തുവാങ്ങിയതാണ്. സിപിഎം നേതാവ് എ സി മൊയ്തീനുമായി സതീശൻ നിരന്തരം കൂടിക്കാഴ്ച നടത്തുന്നത് എന്തിനുവേണ്ടിയാണെന്നും ശോഭ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചു.
‘ബിജെപിയുടെ ഓഫിസിൽ ജോലി ചെയ്തിരുന്ന, തന്റെ വീടും സ്ഥലവും ഉൾപ്പെടെ കടബാധ്യതയിൽപ്പെട്ടു നിൽക്കുന്ന ഒരു പാവപ്പെട്ടവനെ പണം കൊടുത്തുവാങ്ങിയിരിക്കുകയാണ്. എന്തിനാണ് എ സി മൊയ്തീനെ സതീശൻ അടിക്കടി കണ്ടുകൊണ്ടിരുന്നത്. ഇക്കാര്യത്തിൽ ഞങ്ങളും ശ്രദ്ധാലുക്കളാണ്. കൊടകര കുഴൽപ്പണക്കേസ് മാസങ്ങളോളം പൊലീസ് അന്വേഷിച്ചിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ കൈയും കെട്ടി ഇരിക്കുകയായിരുന്നോ ? അദ്ദേഹത്തിന്റെ കൈ പടവലങ്ങയാണോ ?’- ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.
എന്നാൽ ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങൾ എ സി മൊയ്തീൻ തള്ളി. തിരൂർ സതീശനെ തനിക്ക് വാർത്തയിലൂടെ മാത്രമാണ് അറിയൂ എന്നാണ് മൊയ്തീൻ പറഞ്ഞത്. ശോഭയുടെ വ്യക്തിപരമായ ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്നും നാട്ടുകാർക്ക് തന്നെക്കുറിച്ചും ബിജെപിയെക്കുറിച്ചും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക