പാലക്കാട്: വിവാഹ വേദിയില്‍ കണ്ടുമുട്ടിയ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി സരിന്റെ ഹസ്തദാനം നിരസിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എംപിയും. രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും നേരെ ഹസ്തദാനം നടത്താന്‍ സരിന്‍ കൈനീട്ടിയിട്ടും കൂസാതെ ഇരുവരും നടന്ന് നീങ്ങുകയായിരുന്നു
പാലക്കാട് കെആര്‍കെ ഓഡിറ്റോറിയത്തില്‍ ബിജെപിയുടെ പാലക്കാട്ടെ മുതിര്‍ന്ന നേതാവും നഗരസഭാ കൗണ്‍സില്‍ അംഗവുമായ നടേശന്റെ മകന്റെ വിവാഹ ചടങ്ങിനിടെയാണ് സ്ഥാനാര്‍ഥികള്‍ കണ്ടുമുട്ടിയത്. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോയി.
കോണ്‍ഗ്രസില്‍നിന്ന് നേരത്തെ വിട്ടുപോയ എവി ഗോപിനാഥും ചടങ്ങിനെത്തിയിരുന്നു. എ വി ഗോപിനാഥിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ ചേര്‍ത്ത് പിടിക്കുന്നതും കാണാം. ഇദ്ദേഹത്തോട് ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തിലും സംസാരിക്കുന്നതിനിടെയാണ് സരിനും ഇവിടേക്ക് വരുന്നത്. ഇതിനിടെ സരിന്‍ താന്‍ ഇവിടെയുണ്ടെന്ന് ഷാഫിയോടും രാഹുല്‍ മാങ്കൂട്ടത്തിലിനോട് പറയുന്നുണ്ട്.
എന്നാല്‍ പി സരിന് കൈ കൊടുക്കാന്‍ പ്രയാസമുണ്ടെന്നും ചാനലുകള്‍ക്ക് മുന്നില്‍ അഭ്യാസം കാണിച്ചു വാര്‍ത്തയാക്കിയിട്ട് കാര്യമില്ലെന്നുമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. സരിന്‍ പ്രവര്‍ത്തകരെയും നേതാക്കളെയും നിരന്തരം അവഹേളിക്കുന്നയാളാണ്. തനിക്ക് കപട മുഖമില്ലെന്നും എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് ആത്മാര്‍ത്ഥമായിട്ടായിരിക്കുമെന്നും രാഹുല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
എന്നാല്‍ ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഇത് മോശമാണെന്നും ആയിരുന്നു സംഭവത്തിന് പിന്നാലെ സരിന്റെ പ്രതികരണം. പിന്നാലെ അയ്യയ്യയ്യേ എന്ന് പറഞ്ഞ സരിന്‍, തനിക്കതില്‍ കുഴപ്പമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഗോപിയേട്ടന്‍ ചെയ്തതും ഞാന്‍ ചെയ്തതും തമ്മില്‍ എന്താ വ്യത്യാസം എന്ന് ഞാന്‍ ആലോചിച്ചു. സരിന്‍ വിശദീകരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക