പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ അപകടത്തിൽപ്പെട്ട് കാണാതായ ലക്ഷ്മണനായുള്ള തിരച്ചില്‍ തുടങ്ങി. സ്കൂബ ടീം ആണ് തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്. റെയിൽവേ പാലത്തിന് താഴെയാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തിരച്ചിൽ പുന:രാരംഭിച്ചത്. ദൃക്സാക്ഷികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ പുഴയിൽ തിരച്ചിൽ നടത്തുന്നത്.
അടിയൊഴുക്കുള്ളതിനാൽ മൃതദേഹം ഒഴുകി പോകാനുള്ള സാഹചര്യം തള്ളിക്കളയാനാകില്ലെന്നും അധികൃതർ അറിയിച്ചു. ഇന്നലെ വൈകിട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കും മോശം കാലാവസ്ഥയും കാരണം രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെക്കുകയായിരുന്നു. അതേസമയം ട്രെയിൻ തട്ടി മരിച്ച മൂന്നു പേരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലെന്ന് റെയിൽവെ വ്യക്തമാക്കി. കരാറുകാരനെതിരെ കേസെടുക്കും.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ നൽകുമെന്നും റെയിൽവെ അറിയിച്ചു. ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും കണ്ടെത്തലുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു ട്രെയിന്‍ തട്ടിയുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളികളായ മൂന്ന് പേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തത്. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. റെയില്‍വേ ട്രാക്കില്‍ നിന്ന് മാലിന്യം നീക്കുന്ന ജോലിക്കിടെയാണ് അപകടമുണ്ടായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക