തിരുവനന്തപുരം: പ്രശസ്ത വിവർത്തകനും യുക്തിവാദിയും നിരൂപകനുമായ എം പി സദാശിവൻ (89) അന്തരിച്ചു. ദീർഘകാലം കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിലുള്ള യുക്തിരേഖ മാസികയുടെ എഡിറ്റർ ആയിരുന്നു. ഇന്ത്യൻ ഓഡിറ്റ് ഡിപ്പാർട്ടുമെൻ്റിൽ സീനിയർ ഓഡിറ്റ് ഓഫീസറായും പ്രവർത്തിച്ചു. ആയിരത്തൊന്ന് രാവുകള്‍, ഡ്രാക്കുള, ഡെകാമെറണ്‍ കഥകള്‍, ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട്, ഡോ ബി ആർ അംബേദ്കറുടെ സമ്പൂർണ കൃതികൾ തുടങ്ങി നിരവധി പുസ്തകങ്ങള്‍ വിവർത്തനം ചെയ്തിട്ടുണ്ട്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാഠി എന്നീ ഭാഷകളിൽ നിന്നാണ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത്. ഭാഷയും പരിഭാഷയും, ഇന്ദ്രജാല സർവ്വസ്വം തുടങ്ങി 13 കൃതികൾ രചിച്ചിട്ടുണ്ട്. കെആർ നാരായണൻ, എപിജെ അബ്‌ദുൽ കലാം എന്നിവരുടെയുൾപ്പെടെ നൂറ്റിപ്പത്തോളം പുസ്തകങ്ങൾ വിവർത്തനം ചെയ്‌തിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാർഡ്, സംസ്ഥാന ബാലസാഹിത്യ അവാർഡ്, അയ്യപ്പപണിക്കർ അവാർഡ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കന്യാകുമാരി മലയാള അക്ഷരലോകം അവാർഡ്, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിൻ്റെ സീനിയർ ഫെല്ലോഷിപ്പ് എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
കൂടുതൽ പുസ്‌തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തതിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും സ്ഥാനം നേടി. 2021 ൽ ഗിന്നസ് റിക്കാഡിലും ഇടംപിടിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക