രണ്ടു ചാക്ക് കള്ളപ്പണം കിട്ടിയോ?; പൊലീസുകാരെ പാഠം പഠിപ്പിക്കും: കെ സുധാകരന്‍

'കള്ളപ്പണം സൂക്ഷിക്കുന്നത് പിണറായി വിജയനും, പിണറായിയുടെ പാര്‍ട്ടിയും കെ സുരേന്ദ്രന്റെ ബിജെപിയുമാണ്'
k-sudhakaran
കെ സുധാകരന്‍ഫയല്‍
Published on
Updated on

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധിച്ചിട്ട് എത്ര ചാക്ക് കള്ളപ്പണം കിട്ടിയെന്ന് പരിഹസിച്ച് കെ സുധാകരന്‍. പരിശോധന നടത്തിയിട്ട് പൊലീസ് രണ്ടു ചാക്ക് കള്ളപ്പണം കൊണ്ടുപോയോ?. കള്ളപ്പണത്തിന്റെയൊന്നും ഉടമസ്ഥന്മാര്‍ കോണ്‍ഗ്രസുകാരല്ല. കള്ളപ്പണം ഉണ്ടാക്കുന്നതും കള്ളപ്പണം സൂക്ഷിക്കുന്നതും പിണറായി വിജയനും, പിണറായി വിജയന്റെ പാര്‍ട്ടിയും കെ സുരേന്ദ്രന്റെ ബിജെപിയുമാണ്. പരിശോധന നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

തോന്നിയ പോലെ ചെയ്യാന്‍ പൊലീസിനെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണ്. ഈ ഭരണകൂടത്തിനെതിരെ കോണ്‍ഗ്രസ് പോരാട്ടം ശക്തമാക്കാന്‍ പോകുകയാണ് സമരമുഖത്ത് ഞങ്ങള്‍ കാണും. ഈ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ഇല്ലെങ്കില്‍ പാര്‍ട്ടി കോടതിയെ സമീപിക്കും. ഈ പൊലീസുകാരെ പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

രാത്രി കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധിക്കാനെത്തിയ പൊലീസുകാരെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു വേണ്ടിയിരുന്നത്. അതിന് അവര്‍ക്ക് സാധിച്ചില്ല. ഏത്രയോ കാലമായി കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന രണ്ടു കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ പാതിരാ നേരത്തു പരിശോധിക്കുന്നതില്‍ പൊലീസിന് എന്തു ന്യായീകരണമാണുള്ളതെന്ന് കെ സുധാകരന്‍ ചോദിച്ചു.

പതിറ്റാണ്ടുകളായി സജീവരാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വനിതാ നേതാക്കളെ അപമാനിക്കുന്നതിന് പരിധിയില്ലേ?. പരാതി കിട്ടിയിട്ട് അന്വേഷിക്കാന്‍ വന്നതെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. പിന്നീട് പറഞ്ഞു സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന്. എന്നാല്‍ ഇതിന് ഒരു അര്‍ത്ഥവുമില്ലെന്ന് തെളിഞ്ഞു.

അന്തസ്സില്ലാത്ത, അഭിമാനബോധമില്ലാത്ത, ആണത്തമില്ലാത്ത പൊലീസ് തെമ്മാടിത്തമാണ് കാണിച്ചത്. പൊലീസിന്റെ നടപടി ആസൂത്രിതമാണ്. പരിശോധന നടക്കുന്നതിനിടെ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ പുറത്തു വന്ന് മുദ്രാവാക്യം വിളിച്ചത് ഇവര്‍ക്ക് മുന്‍കൂട്ടി അറിവു ലഭിച്ചു എന്നതിന് തെളിവാണ്. അവര്‍ പ്രശ്‌നമുണ്ടാക്കിയതെല്ലാം ആസൂത്രിതമായിട്ടാണ്. മറ്റു പാര്‍ട്ടിക്കാരുടെ മുറിയിലൊന്നും പോയിട്ടില്ല. ഇതേക്കുറിച്ച് കളവ് പറയുകയാണ്. കെ സുധാകരന്‍ പറഞ്ഞു.

അനധികൃത ഇടപാടില്ലെങ്കില്‍ എന്തിനാണ് പൊലീസ് റെയ്ഡിനെ തെിര്‍ക്കുന്നതെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ പ്രസ്താവനയെ കെ സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു. അയാളുടെ മുറിയില്‍ കയറുമ്പോള്‍ അറിയാം. സാമാന്യബുദ്ധിയും വിവരവും വിവേകവും വേണം നേതാക്കന്മാര്‍ക്ക്. അതില്ലാത്ത മരക്കണ്ടന്മാര്‍ക്ക് വായില്‍ തോന്നിയത് പറയാനുള്ളതല്ല രാഷ്ട്രീയം. ഇതോര്‍ത്ത് സംസാരിക്കണമെന്ന് ടിപി രാമകൃഷ്ണന് മുന്നറിയിപ്പ് നല്‍കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

അധികാരമുപയോഗിച്ച് കോടാനുകോടികളാണ് പിണറായി വിജയന്‍ ഉണ്ടാക്കുന്നത്. നാടു നന്നാക്കലല്ല, കുടുംബത്തെ നന്നാക്കലാണ് പിണറായിയുടെ ലക്ഷ്യം. പാലക്കാട്ടേക്ക് പോകുകയാണെന്നും, നേതാക്കന്മാരുമായി സംസാരിച്ച് തുടര്‍നടപടി എടുക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com