ആസൂത്രിതമായ ​ഗൂഢാലോചന, സ്ക്രിപ്റ്റ് പാളിപ്പോയി; നിയപരമായി നേരിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ബിജെപിയും സിപിഎമ്മും ഒരുമിച്ച് അത് ചെയ്യണമെങ്കിൽ ആസൂത്രിതമായ ​ഗൂഢാലോചനയില്ലേ.
Rahul Mamkootathil
രാഹുൽ മാങ്കൂട്ടത്തിൽടെലിവിഷൻ ദൃശ്യം
Published on
Updated on

പാലക്കാട്: തനിക്കെതിരെ പരാതി കിട്ടിയതായി പൊലീസ് പറഞ്ഞിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് അര്‍ധരാത്രിയില്‍ യുഡിഎഫ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് നടത്തിയ പരിശോധനയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. ബിജെപിയും സിപിഎമ്മും ഒരുമിച്ച് ഇത് ചെയ്യണമെങ്കിൽ ആസൂത്രിതമായ ​ഗൂഢാലോചനയില്ലേയെന്നും രാഹുൽ ചോദിച്ചു. ഗൂഢാലോചനയൊക്കെ പരാജയഭീതി മൂലമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും പാലക്കാട്ടെ ജനത 20-ാം തീയതി പ്രതികരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

"എനിക്കെതിരെ എന്തെങ്കിലും പരാതിയുണ്ടോയെന്ന് ഞാൻ നോർത്ത് സർക്കിൾ ഇൻസ്പെക്ടറെ വിളിച്ച് ചോദിച്ചു. പരാതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിലാണോ, ഒന്നുമില്ലെന്നാണ് പറഞ്ഞത്. പതിവ് പരിശോധനയാണ്. ന​ഗരത്തിലെ എല്ലാ ഹോട്ടലുകളും പരിശോധിക്കുന്നുണ്ടെന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞൊരു വിഷയം പെട്ടെന്ന് എന്റെ നേർക്ക് തിരിച്ചു വിടണമെന്നുണ്ടെങ്കിൽ അതിനകത്ത് ആസൂത്രിതമായൊരു ​ഗൂഢാലോചനയില്ലേ.

ബിജെപിയും സിപിഎമ്മും ഒരുമിച്ച് അത് ചെയ്യണമെങ്കിൽ ആസൂത്രിതമായ ​ഗൂഢാലോചനയില്ലേ. ഗൂഢാലോചനയൊക്കെ പരാജയഭീതി മൂലമാണ്. പരാജയം അവർ ഉറപ്പിച്ചു. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. അനധികൃതമായിട്ടുള്ള പണം തടയാൻ വേണ്ടിയിട്ടാണ് നടത്തിയതെങ്കിൽ സിപിഎം നേതാക്കളുടെ മുറിയും പരിശോധിച്ചിട്ടുണ്ട്. അനധികൃതമായി സിപിഎം നേതാക്കൻമാർ പണം കടത്തുന്നുവെന്ന ആക്ഷേപവുമുണ്ട്.

വനിതാ പൊലീസുമായി വരണമെന്ന് പറയുന്നത് എങ്ങനെയാണ് തടസപ്പെടുത്തുന്നത് ആകുന്നത്. വനിതാ പൊലീസില്ലാതെ വനിതകൾ ഒറ്റയ്ക്ക് താമസിക്കുന്ന മുറിയിലേക്ക് കടന്നുവരുന്നത് ശരിയാണോ. സാമാന്യ നീതിയുടെ ലംഘനമല്ലെ അത്. അവർ അവിടുന്ന് ഒളിച്ചോടി പോയിട്ടൊന്നുമില്ലല്ലോ. മുൻ എംഎൽഎ ആണെന്ന് പറഞ്ഞ് മുറി തുറന്നു കൊടുക്കാറുണ്ടോ. കൊള്ളരുതായ്മകളെ ന്യായീകരിക്കണമെന്ന ബാധ്യത സിപിഎമ്മിനും ബിജെപിക്കുമുണ്ട്.

മാധ്യമപ്രവർത്തകർ ഈ ചോദ്യങ്ങൾ അവരോടാണ് ചോദിക്കേണ്ടത്. കെകെ ഷൈലജയുടെ മുറിയിൽ നാല് പൊലീസുകാർ ഇങ്ങനെ കയറിയാൽ, അവർ ആ പൊലീസ് സ്റ്റേഷൻ കത്തിക്കത്തില്ലേ. പരാജയം ഉറപ്പിച്ചിട്ട് എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ. ഇതൊക്കെ ജനം കാണുന്നുണ്ട്. പാലക്കാട്ടെ ജനത 20-ാം തീയതി പ്രതികരിക്കും. സ്ഥാനാർഥിയെന്ന നിലയിൽ എനിക്കെതിരെ അടിസ്ഥാനരഹിതമായി ഒരു ആരോപണം ഉന്നയിച്ചാൽ ഞാൻ നിയമപരമായി നേരിടും.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായിട്ടുള്ള പരാതിയാണെങ്കിൽ എന്തിനാണ് ബിജെപി നേതാക്കളുടെ മുറി റെയ്ഡ് ചെയ്യുന്നത്. ഈ സ്ക്രിപ്റ്റ് പാളിപ്പോയതാണ്. അല്ലെങ്കിൽ റഹീമിനും പ്രഫുല്ലിനും അബദ്ധം പറ്റില്ലായിരുന്നു. കോൺ​ഗ്രസിന്റെ ഭാ​ഗത്തു നിന്ന് ഒരു തടസവും ഉണ്ടായിട്ടില്ല. പൊലീസിന് വേണമെങ്കിൽ എന്റെ ഫോൺ റെക്കോർഡുകൾ പരിശോധിക്കാം. "- രാഹുൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com