കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണത്തിന് പുതിയ സംഘം, കൊച്ചി ഡിസിപിക്ക് ചുമതല

കൊടകരയില്‍ പിടികൂടിയ മൂന്നരക്കോടിയുടെ കുഴല്‍പ്പണം ബിജെപി ഓഫീസില്‍ എത്തിച്ചാണ് കടത്തിയതെന്ന് തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു
Kodakara case: New team for investigation, Kochi DCP in charge
പ്രതീകാത്മക ചിത്രം
Published on
Updated on

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കാന്‍ കൊച്ചി ഡിസിപി കെ.എസ് സുദര്‍ശന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെ നിയോഗിച്ചു. തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസാണാണ് അന്വേഷണ സംഘത്തിന്റെ മേല്‍നോട്ട ചുമതല. പഴയ അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി വികെ രാജു പുതിയ അന്വേഷണ സംഘത്തിലുമുണ്ട്.

കൊടകര കുഴല്‍പ്പണ ഇടപാടിന്റെ സമയത്ത് ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണു സര്‍ക്കാര്‍ നീക്കം. കൊടകരയില്‍ പിടികൂടിയ മൂന്നരക്കോടിയുടെ കുഴല്‍പ്പണം ബിജെപി ഓഫീസില്‍ എത്തിച്ചാണ് കടത്തിയതെന്ന് തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു. കേസില്‍ പുനരന്വേഷണത്തിന് അനുമതി തേടി സര്‍ക്കാര്‍ ഇരിങ്ങാലക്കുട കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പുനരന്വേഷണത്തിന് കോടതിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ കേസില്‍ അന്വേഷണം ആരംഭിക്കും.

2021-ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് തൃശൂരിലെ കൊടകരയില്‍ വാഹനം തട്ടിക്കൊണ്ടുപോയി മൂന്നരക്കോടിയുടെ കുഴല്‍പ്പണം കവര്‍ന്നത്. വ്യാജ വാഹനാപകടമുണ്ടാക്കി 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യം പരാതി ഉയര്‍ന്നത്. പിന്നീട് മൂന്നരക്കോടി നഷ്ടപ്പെട്ടെന്ന് പരാതിയുണ്ടായി. തൃശൂരില്‍നിന്ന് ആലപ്പുഴയിലേക്കു പണം കൊണ്ടുപോകും വഴിയായിരുന്നു അപകടം. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നു കണ്ടെത്തുന്നത്. പണം കര്‍ണാടകയില്‍നിന്ന് എത്തിച്ചതാണെന്നും കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com