കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥയില്‍ പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി സരിനെതിരെ വിമര്‍ശനം. സരിന്‍ അവസരവാദിയാണെന്നാണ് പുസ്തകത്തിലെ പരാമര്‍ശം. സ്വതന്ത്രര്‍ വയ്യാവേലിയാണെന്ന് ഓര്‍ക്കണം. മുമ്പ് ഇ എംഎസ് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഇപി ജയരാജന്റെ കട്ടന്‍ചായയും പരിപ്പുവടയും എന്ന ആത്മകഥയില്‍ പറയുന്നു. പി വി അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപി ജയരാജന്‍ സരിന്റെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിക്കുന്നത്.
പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ: അവസരവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിഷയവും ചര്‍ച്ചയാകുമല്ലോ. ഡോ. പി സരിന്‍ തലേദിവസം വരെ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. അതു കിട്ടാതായപ്പോള്‍ ഇരുട്ടി വെളുക്കുംമുമ്പുള്ള മറുകണ്ടം ചാടല്‍. ശത്രുപാളയത്തിലെ വിള്ളല്‍ പരമാവധി മുതലെടുക്കണമെന്നത് നേര്. സ്വതന്ത്രന്‍ പല ഘട്ടങ്ങളിലും പ്രയോജനപ്പെട്ടിട്ടുണ്ട്. വയ്യാവേലിയായ സന്ദര്‍ഭങ്ങളും നിരവധി. പി വി അന്‍വര്‍ അതിലൊരു പ്രതീകമാണ്. സരിന്റെ സ്ഥാനാര്‍ഥിത്വം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്നും പുസ്തകത്തില്‍ പറയുന്നു.
ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും വിമര്‍ശനമുണ്ട്. ഒന്നാം പിണറായി മന്ത്രിസഭയെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ മികച്ച അഭിപ്രായമാണ് ഉണ്ടായിരുന്നത്. ആ അഭിപ്രായം നിലനിര്‍ത്താനായില്ല എന്നു മാത്രമല്ല, താരതമ്യേന ദുര്‍ബലരാണ് എന്ന തോന്നലും ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നു. ഈ പറഞ്ഞതെല്ലാം മാധ്യമങ്ങളുടേയും വലതുപക്ഷത്തിന്റെയും പ്രചാരണമാണെങ്കിലും നാം എത്രത്തോളം തിരുത്തല്‍ വരുത്തും എന്നതിനെ ആശ്രയിച്ചാകും നമ്മുടെ മുന്നോട്ടുള്ള പ്രയാണമെന്ന് ഇ പി ജയരാജന്‍ പുസ്തകത്തില്‍ പറയുന്നു.
ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നും നീക്കിയത് മനപ്രയാസമുണ്ടാക്കിയതായി ഇപി സൂചിപ്പിക്കുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയപ്പോള്‍ പാര്‍ട്ടി തന്നെ കേട്ടില്ല. ഇക്കാര്യത്തില്‍ തനിക്കുണ്ടായ മനപ്രയാസം മറച്ചു വെക്കുന്നില്ല. അത് ഏതെങ്കിലും പദവി നഷ്ടപ്പെട്ടതു കൊണ്ടല്ല. എന്നെ ഈ വിഷയത്തില്‍ പാര്‍ട്ടി എന്നെ മനസ്സിലാക്കിയില്ല എന്നതാണ്. മാത്രമല്ല ഞാന്‍ പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി അംഗമാണ്. ഞാനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രക്കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഈ വിഷയത്തില്‍ എനിക്കു പറയാനുള്ളത് കേന്ദ്രക്കമ്മിറ്റിയെ അറിയിച്ചുവെന്നും ഇപി പുസ്തകത്തില്‍ പറയുന്നു.
മുതിർന്ന ബിജെപി നേതാവും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും ഇ പി ജയരാജന്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. പ്രകാശ് ജാവഡേക്കറുമായുളള കൂടിക്കാഴ്ചയില്‍ എന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയില്‍ വിശദീകരിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ബിജെപി നേതാവായ ശോഭ സുരേന്ദ്രന്‍ പറഞ്ഞത് പച്ച കള്ളമാണ്. അവരെ കണ്ടത് ഒരു തവണ മാത്രമാണ്. അതും പൊതു സ്ഥലത്ത് വെച്ചായിരുന്നു കണ്ടത്. എന്നും ഇപി ജയരാജന്‍ പറയുന്നു.
അതിനിടെ ആത്മകഥയിലെ പുറത്തു വന്ന വിവരങ്ങളെ ഇപി ജയരാജന്‍ തള്ളിപ്പറഞ്ഞു. പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്. എഴുത്ത് പൂര്‍ത്തീകരിച്ചിട്ടില്ല. പുസ്തകം എന്ന് പ്രസിദ്ധീകരിക്കുമെന്ന് താന്‍ തീരുമാനിച്ചിട്ടില്ല. പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പുറത്തുവന്ന കാര്യങ്ങൾ ഞാൻ എഴുതിയതല്ല. പരാമർശങ്ങൾ എന്റേതല്ല. ഉപതെരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കെതിരെ വാർത്ത സൃഷ്ടിക്കാൻ മനപൂർവം ചെയ്തതാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. സ്ഥാനാർഥിയെക്കുറിച്ചുള്ള പരാമർശങ്ങളെല്ലാം ബോധപൂർവം സൃഷ്ടിച്ചിട്ടുള്ളതാണെന്നും ഇപി ജയരാജൻ പറഞ്ഞു.
പുസ്തകത്തിന്റെ കവർ പേജ് താൻ ടിവിയിൽ വന്നപ്പോഴാണ് കണ്ടത്. കട്ടൻചായയും പരിപ്പുവടയും എന്ന് എന്റെ പുസ്തകത്തിനു പേരു കൊടുക്കുമോ. തെരഞ്ഞെടുപ്പു ദിവസം ഇത്തരമൊരു വാർത്ത വന്നതിനു പിന്നിൽ പ്ലാനിങ്ങുണ്ട്. എന്നെ ഉപയോഗിച്ച് തെറ്റായ വാർത്ത കൊടുത്ത് എന്നെയും പാർട്ടിയേയും നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് ഇപി ജയരാജൻ പറഞ്ഞു.
അതേസമയം കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നതായി ഡിസി ബുക്സ് അറിയിച്ചു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക