2018ല്‍ വാങ്ങിയ വീട്; വോട്ടിന് അപേക്ഷിച്ചാല്‍ എന്താണ് തെറ്റ്?; ഇരട്ടവോട്ടില്‍ മറുപടിയുമായി സരിന്‍

സ്വന്തം വീട്ടില്‍ താമസിക്കുന്നത് ആരെയാണ് ബോധ്യപ്പെടുത്തേണ്ടതെന്നും ജനങ്ങളെ കോണ്‍ഗ്രസും ബിജെപിയും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സരിന്‍
P Sarin and his wife meet the media
പി സരിനും ഭാര്യയും മാധ്യമങ്ങളെ കാണുന്നു ടെലിവിഷന്‍ ചിത്രം
Published on
Updated on

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍. പാലക്കാട് വോട്ട് ചെയ്യാന്‍ തനിക്ക് എന്താണ് അസ്വാഭാവികതയെന്ന് ചോദിച്ച സരിന്‍ തന്റെ വീട് സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുകയും ചെയ്തു. 2018ലാണ് താനും ഭാര്യയും പാലക്കാട്ടെ വീട് വാങ്ങിയതെന്നും ഇതിന്റെ പേരില്‍ വോട്ടിന് അപേക്ഷിച്ചാല്‍ എന്താണ് അസ്വാഭാവികതയെന്നും സരിന്‍ ചോദിച്ചു. സ്വന്തം വീട്ടില്‍ താമസിക്കുന്നത് ആരെയാണ് ബോധ്യപ്പെടുത്തേണ്ടതെന്നും ജനങ്ങളെ കോണ്‍ഗ്രസും ബിജെപിയും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ വീട്ടില്‍ താമസിക്കുന്നത് കുടുംബസുഹൃത്താണെന്നും വീട്ടിലേക്ക് വന്നാല്‍ പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ മനസിലാകുമെന്നും സരിന്‍ പറഞ്ഞു. ഭാര്യക്കൊപ്പമായിരുന്നു സരിന്റെ വാര്‍ത്താ സമ്മേളനം. വസ്തുതയ്ക്ക് വിരുദ്ധമായി കാര്യങ്ങള്‍ പടച്ചുവിട്ടുവെന്നും തന്റെ വീട്ടില്‍ താമസിക്കുന്നത് കുടുംബസുഹൃത്താണെന്നും പി സരിന്‍ പറഞ്ഞു. അവരെ ഇവിടെ നിന്ന് മാറ്റാനുള്ള പ്രയാസം കൊണ്ടാണ് മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയതെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.താന്‍ ഇപ്പോള്‍ താമസിക്കുന്ന വീട് 2018ല്‍ വാങ്ങിയതാണ്. 2020 ല്‍ വാടകയ്ക്ക് നല്‍കി. ഈ വീട്ട് വിലാസം നല്‍കിയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തത്. താന്‍ പാലക്കാട്ടുകാരനാണെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സങ്കടമാണ്. പാലക്കാടും ഒറ്റപ്പാലത്തുമായി താമസിച്ചു. അടുത്തിടെയാണ് സ്ഥിര താമസ വിലാസത്തിലേക്ക് വോട്ട് മാറ്റിയതെന്നും സരിന്‍ പറഞ്ഞു.

അതേസമയം ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്ന് കരുതിയില്ലെന്ന് ഡോ സൗമ്യയും പ്രതികരിച്ചു.തന്റെ വഴി രാഷ്ട്രീയമല്ല. താന്‍ രാഷ്ട്രീയം പറയാറില്ല. തുടക്കം മുതല്‍ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചു. വ്യാജ വോട്ടറെന്ന നിലയില്‍ പ്രചരണം ഉണ്ടായി. വസ്തുതകള്‍ പരിശോധിക്കാതെ വീട്ടിലിരിക്കുന്നവരെ മോശം പറയുന്നത് ശരിയല്ല. വീട് എന്റെ പേരില്‍ താന്‍ വാങ്ങിയത്. ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഊഹിച്ച് വാങ്ങിയതല്ല. സ്വന്തം ജില്ലയില്‍ വീട് വേണമെന്ന് കരുതി ലോണ്‍ എടുത്ത് വാങ്ങിയതാണെന്നും സൗമ്യ സരിന്‍ പറഞ്ഞു.വീടിന്റെ ആധാരം എടുത്ത് കാണിച്ച സൗമ്യ മുഴുവന്‍ രേഖകളും ഉണ്ടെന്നും കരം അടച്ചതിന്റെ രേഖകളും ഉണ്ടെന്നും പറഞ്ഞു. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോടാണ് സരിന്റെയും ഭാര്യയുടെയും പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com