പത്തനംതിട്ട: ഇനി ശരണമന്ത്രധ്വനികളുടെ കാലം. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.
നാളെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പതിനായിരം പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെർച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്തിട്ടുള്ളത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോർഡ് അറിയിച്ചു.
വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യുക. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്പോട്ട് ബുക്കിങിലേക്ക് മാറും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്പോട്ട് ബുക്കിങ് വഴി മലകയറാം. സ്പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി പൊലീസ് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയതായി ചീഫ് കോ– ഓഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. പതിനാലായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഫാസ് ടാഗുള്ള ചെറു വാഹനങ്ങൾ മാത്രമേ പമ്പയിൽ പാർക്കിങ്ങിന് അനുവദിക്കുകയുള്ളൂ. ദർശനത്തിന് ഓൺലൈനായി ബുക്ക് ചെയ്യുന്നവർ കൂപ്പണിൽ പറയുന്ന സമയത്ത് ദർശനം പ്രതീക്ഷിക്കരുത്. ആചാരപരമായ പൂജകളുടെ പ്രത്യേകതകൾ കാരണം സമയത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും ശ്രീജിത്ത് സൂചിപ്പിച്ചു. മണ്ഡലകാലം പ്രമാണിച്ച് കോട്ടയം പാതയിൽ ശബരിമല സ്പെഷൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക