തിരുവനന്തപുരം: രണ്ടു കാരണത്താലാണ് നേരത്തെ സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ എതിര്‍ത്തിരുന്നതെന്ന് കെ മുരളീധരന്‍. ഒന്ന് അദ്ദേഹം ഗാന്ധി വധത്തെ ന്യായീകരിച്ചു. രണ്ടാമത് രാഹുല്‍ ഗാന്ധിയെ അദ്ദേഹം വ്യക്തിപരമായി വിമര്‍ശിച്ചു. എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തെ സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇനി അതില്‍ ചര്‍ച്ചയില്ലെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
വിമര്‍ശനം രണ്ടു തരത്തിലുണ്ട്. രാഷ്ട്രീയപരവും വ്യക്തിപരവും. കഴിഞ്ഞദിവസം സന്ദീപ് വാര്യര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ നടത്തിയത് രാഷ്ട്രീയമായ വിമര്‍ശനമാണ്. അത് നൂറു ശതമാനവും ശരിയാണെന്നാണ് തന്റെ നിലപാട്. രാഹുല്‍ഗാന്ധിക്കെതിരെ വ്യക്തിപരമായി വിമര്‍ശിച്ചതാണ് എതിര്‍ക്കാന്‍ കാരണം. പാര്‍ട്ടി സ്വീകരിക്കാന്‍ തീരുമാനിച്ചതോടെ ഇന്നലെ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസുകാരനായി. ഇന്ന് പാണക്കാട് തങ്ങളെ കണ്ടതോടെ യുഡിഎഫുകാരനുമായി. മുരളീധരന്‍ പറഞ്ഞു.
ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേയ്ക്ക് പോകുന്നത് ജനാധിപത്യത്തില്‍ പതിവുള്ളതാണ്. അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. നാളെ ഇനി സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖരനോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസിലേയ്ക്ക് വന്നാലും ഞാന്‍ സ്വാഗതം ചെയ്യും. ബി.ജെ.പിയില്‍ നിന്ന് ചില കൗണ്‍സിലര്‍മാര്‍ വരുന്നുവെന്ന് വാര്‍ത്തയുണ്ട്. അതിനെയും ഞാന്‍ സ്വാഗതം ചെയ്യും.
സന്ദീപ് വാര്യരുടെ വരവ് ടിവിയിലൂടെയാണ് അറിഞ്ഞത്. അതിന്റെ ആവശ്യമല്ലേ ഉള്ളൂ. ഞാന്‍ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനൊന്നും അല്ലല്ലോ, ഞാന്‍ ഒരു എളിയ പ്രവര്‍ത്തകന്‍ അല്ലേ ? കോണ്‍ഗ്രസ് മുങ്ങിത്താഴുകയൊന്നുമില്ല. ആരുവന്നാലും ഇല്ലെങ്കിലും കോണ്‍ഗ്രസ് ശക്തമായി മുന്നോട്ട് പോകും. സന്ദീപ് വാര്യര്‍ വന്നില്ലായിരുന്നെങ്കിലും പാലക്കാട് കോണ്‍ഗ്രസ് ഉറപ്പായും ജയിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക